കമ്പിവടിയും ഹോക്കിസ്റ്റിക്കും ഉപയോഗിച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു
കോഴിക്കോട്: പേരാമ്പ്രയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. മേപ്പാടി പോളിടെക്നിക് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി അഭിനവിനാണ് മർദനമേറ്റത്. എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി.
ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. രണ്ട് ബൈക്കിലായെത്തിയ സംഘം കമ്പി വടിയും ഹോക്കി സ്റ്റിക്കും ഉപയോഗിച്ച് ഗുരുതരമായി മർദിക്കുകയായിരുന്നു. അഭിനവിനെ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈയ്ക്കും തലയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
നേരത്തേ മേപ്പാടി പോളിടെക്നിക് കോളേജിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ എസ്എഫ്ഐയുടെ വനിതാ നേതാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ചില എസ്എഫ്ഐ നേതാക്കൾ അഭിനവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ കോളേജിൽ നടന്ന അക്രമ സംഭവവുമായി അഭിനവിന് ബന്ധമില്ലെന്നും, കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയെ പരാജയപ്പെടുത്താനുള്ള ശ്രമം അഭിനവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിയെന്നും ഇതായിരിക്കാം അക്രമണത്തിന് കാരണമെന്നുമാണ് അഭിനവിന്റെ സുഹൃത്തുക്കൾ പറയുന്നത്.