പോലീസിന്റെ വയര്‍ലെസ് സെറ്റ് വെള്ളത്തില്‍പ്പോയി; പമ്പയില്‍ തിരച്ചില്‍നടത്തി മുങ്ങല്‍വിദഗ്ധര്‍
തിരുവല്ല ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ മുങ്ങല്‍ വിദഗ്ദര്‍ എത്തിയാണ് തിരച്ചില്‍ നടത്തുന്നത്
പത്തനംതിട്ട: പമ്പ നീരേറ്റുപുറം ജലമേളക്കിടെ പോലീസിന്റെ രണ്ട് വയര്‍ലെസ് സെറ്റുകള്‍ നഷ്ടപ്പെട്ടു. ഇവ കണ്ടെത്താന്‍ പോലീസ് മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ജലമേള.
സ്റ്റാര്‍ട്ടിങ് പോയിന്റില്‍ സുരക്ഷാ ക്രമീകരണത്തിന്റെ ചുമതലയുണ്ടായിരുന്ന പോലീസുകാര്‍ വള്ളത്തിലേക്ക് കയറുന്നതിനിടെയാണ് കൈയ്യിലുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് നഷ്ടപ്പെട്ടുപോയത്. ജലഘോഷയാത്രയടക്കമുള്ള പരിപാടികളുണ്ടായിരുന്നതിനാല്‍ വലിയ ജനത്തിരക്കായിരുന്നു കരയിലും പുഴയിലുമുണ്ടായിരുന്നത്. അതിനാല്‍ ഇന്നലെ വയല്‍ലെസ് സെറ്റിന് വേണ്ടിയുള്ള തിരച്ചില്‍ സാധ്യമായിരുന്നില്ല.
തിരുവല്ല ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ മുങ്ങല്‍ വിദഗ്ദര്‍ എത്തിയാണ് തിരച്ചില്‍ നടത്തുന്നത്. മൂന്ന് മണിക്കൂറിലധികമായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ദര്‍ എത്തിയതിനെത്തുടര്‍ന്ന്, ഒഴുക്കില്‍പ്പെട്ട ആർക്കോ വേണ്ടിയുള്ള തിരച്ചിലാണെന്ന് കരുതി പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടി.