പാന്റ്സ് അഴിക്കും, അശ്ലീലചേഷ്ടകള്‍; നൂറോളം സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം
രാജ്കോട്ട്: യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഗുജറാത്തിലെ ഗുസ്തി താരം അറസ്റ്റില്‍. യോഗ അധ്യാപികയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിനാണ് രാജ്കോട്ട് സ്വദേശിയായ കൗശല്‍ പിപാലിയ(24)യെ മാളവ്യനഗര്‍ പോലീസ് പിടികൂടിയത്. ഗുസ്തിയില്‍ സംസ്ഥാന ചാമ്പ്യനായ ഇയാള്‍ നൂറോളം സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
74 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ നിരവധി സ്വര്‍ണമെഡലുകള്‍ നേടിയ താരമാണ് കൗശല്‍. 2016 മുതല്‍ 2019 വരെ തുടര്‍ച്ചയായി സംസ്ഥാന തലത്തില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു. പത്തുദിവസം മുമ്പാണ് ഇയാള്‍ യോഗ അധ്യാപികയായ യുവതിയെ ഉപദ്രവിച്ചത്. തുടര്‍ന്ന് നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
അജ്ഞാതനായ യുവാവ് ലൈംഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് നവംബര്‍ 23-നാണ് യോഗ അധ്യാപിക പോലീസില്‍ പരാതി നല്‍കിയത്. നഗരത്തിലെ കെട്ടിടത്തിലെ പാര്‍ക്കിങ് ഏരിയയില്വെച്ചായിരുന്നു സംഭവം. ഇരുചക്രവാഹനം നിര്‍ത്തിയ ശേഷം ലിഫ്റ്റിലേക്ക് കയറാനിരിക്കെ അധ്യാപികയെ യുവാവ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തലയില്‍ തൊപ്പിയും മാസ്കും ധരിച്ച് മുഖം മറച്ചിരുന്ന ഇയാള്‍ പിന്നാലെ പാന്റ്സ് അഴിച്ച് അശ്ലീലചേഷ്ടകള്‍ കാണിച്ചു. കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി ബഹളംവെച്ചതോടെയാണ് ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടത്.
യോഗ അധ്യാപികയുടെ പരാതിയില്‍ നഗരത്തിലെ 1500-ഓളം സിസിടിവി ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഷോപ്പിങ് മാളുകള്‍, പ്രധാന റോഡുകള്‍, ഹൗസിങ് സൊസൈറ്റികളുടെ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ദൃശ്യങ്ങളെല്ലാം പോലീസ് ശേഖരിച്ചിരുന്നു. എന്നാല്‍ മുഴുവന്‍സമയവും മാസ്ക് ധരിച്ച് നടക്കുന്ന യുവാവിനെ തിരിച്ചറിയാനായില്ല. ഇതിനിടെയാണ് ഭക്തിനഗര്‍ മേഖലയിലെ ഒരു ഹൗസിങ് സൊസൈറ്റിക്ക് സമീപത്ത് നിരവധിതവണ ഇയാളെ കണ്ടതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായത്. തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സമീപവാസിയായ കൗശല്‍ പിടിയിലായത്.