അച്ഛന്റെ സഹോദരന്റെ കൂടെ അമ്മയും സഹോദരിയും പോയിട്ട് 12 വര്‍ഷം; കാത്തിരുന്ന് മകന്
മണ്ണാർക്കാട്: നെച്ചുള്ളിയിൽ 12 വർഷം മുമ്പ് കാണാതായ അമ്മയെയും സഹോദരിയെയും കാത്തിരിക്കുകയാണ് 28 കാരനായ മുഹമ്മദ് അനീസ്. ഭർത്താവിന്റെ സഹോദരനൊപ്പം പോയ യുവതിയുടെയും മകളുടെയും
ഇത്രയും വർഷം കഴിഞ്ഞിട്ടും നീക്കാനായില്ല. പരാതി നൽകിയിട്ടും മണ്ണാർക്കാട് പൊലീസിൽ നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് വീട്ടുകാരുടെ പരാതി.
2012 നവംബർ 17 നാണ് നെച്ചുള്ളി പരേതനായ അഷറഫിന്റെ ഭാര്യ സൈനബയും 16 കാരിയായ മകൾ ഫർസാനയും മമ്പുറം, പൊന്നാനി എന്നിവിടങ്ങളിൽ തീർഥാടനത്തിനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയത്. ഭർത്താവിന്റെ സഹോദരൻ അബ്ദുട്ടിയുടെ കൂടെയാണ് ഇരുവരും പോയത്. വൈകിട്ട് തിരിച്ചെത്തുമെന്നും സൈനബ പറഞ്ഞിരുന്നു. എന്നാല്‍ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും ഇവരെ കുറിച്ച് വിവരമൊന്നുമില്ല.
ഒരു വിവരവും ലഭിക്കാതായതോടെ 2012 നവംബർ 25 ന് മകൻ മുഹമ്മദ് അനീസ്, മണ്ണാർക്കാട് പൊലീസിൽ പരാതി നൽകി. എന്നാല്‍, ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് മാസങ്ങൾക്ക് ശേഷം പൊലീസ്, പരാതി തീർപ്പാക്കി. ഒരു വർഷം കഴിഞ്ഞാണ് ദക്ഷിണ കർണാടകയിലെ പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു സ്ത്രീയുടെയും പെൺകുട്ടിയുടെയും മൃതദേഹം കണ്ടെത്തിയതായി അറിഞ്ഞ് കുടുംബാംഗങ്ങള്‍ അങ്ങോട്ട് ചെന്നു. എന്നാല്‍ മരിച്ച് മൂന്ന് നാള് കഴിഞ്ഞ രണ്ട് മൃതദേഹങ്ങളുടെ ഫോട്ടോകള്‍ കണ്ടെങ്കിലും കണ്ട് തന്റെ ഉറ്റവരുടേതാണോയെന്ന് ഉറപ്പിക്കാൻ മുഹമ്മദ് അനീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല.
ഇരുവരെയും കൊണ്ടുപോയ അബ്ദുട്ടിയെ മണ്ണാർക്കാട് പൊലീസ്, പരാതി കിട്ടിയിട്ടും ഇതുവരെ ചോദ്യം ചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും പറയുന്നു. തിരോധാനത്തിന് ശേഷവും അബ്ദുട്ടി പല തവണ നാട്ടിൽ വന്നുപോയിരുന്നു. സൈനബയുടെ ബന്ധുക്കൾ പല തവണ കർണാടകയിലും മറ്റും പോയങ്കിലും ഒരു ഫലവും ഉണ്ടായില്ല. ഇവർ മരിച്ചോ ജീവിച്ചിരിപ്പുണ്ടോയെന്ന് പോലും അറിയാതെ കാത്തിരിക്കുകയാണ് മുഹമ്മദ് അനീസും സൈനബയുടെ മറ്റ് കുടുംബാംഗങ്ങളും.