‘ഭാര്യക്ക് അവിഹിതമുണ്ടെന്ന് തെളിയിക്കാൻ ഈ ചിത്രങ്ങൾ മതിയാകില്ല’; ഭർത്താവിനെ വിമർശിച്ച് കോടതി
അഹമ്മദാബാദ്: ഭാര്യക്കെതിരെ വ്യഭിചാരമാരോപിച്ച് വിവാഹ മോചനം വേണമെന്നാവശ്യപ്പെട്ട ഭർത്താവിനെതിരെ വിമർശനവുമായി ഗുജറാത്ത് കോടതി. വ്യഭിചാരം തെളിയിക്കാൻ ഭർത്താവ് സമർപ്പിച്ച സാധാരണ ഫോട്ടോകൾ മതിയാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യ വ്യഭിചാര ജീവിതം നയിക്കുന്നുണ്ടെന്ന് തെളിയിക്കാൻ വെറും ഫോട്ടോഗ്രാഫുകൾ കൊണ്ട് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ ജീവനാംശത്തിന് അർഹതയില്ലെന്നുമാണ് ഭർത്താവ് കോടതിയിൽ വാദിച്ചത്.
അവിഹിതം തെളിയിക്കാനായി ഭാര്യയുടെ ഫോട്ടോകളും ഹൈക്കോടതിയിൽ ഹാജരാക്കി. എന്നാൽ, വ്യഭിചാരം ആരോപിക്കാൻ വ്യക്തമായ തെളിവുകൾ ഹാജരാക്കണമെന്നും നിലവിൽ സമർപ്പിച്ച ഫോട്ടോകൾ ഭാര്യ വ്യഭിചാര ജീവിതം നയിക്കുന്നുവെന്ന് അവകാശപ്പെടാൻ പര്യാപ്തമല്ലെന്നും ജസ്റ്റിസ് ഉമേഷ് ത്രിവേദി പറഞ്ഞു. ഭാര്യ വ്യഭിചാര ജീവിതമാണ് നയിക്കുന്നതെന്നും അതുകൊണ്ടുതന്നെ കുടുംബ കോടതി വിധിച്ച ജീവനാംശമായ 30,000 രൂപ നൽകാനാവില്ലെന്നും ഇയാൾ വാദിച്ചു. എന്നാൽ, ഇയാളുടെ ആവശ്യം കോടതി തള്ളി. ഭാര്യക്കും മകൾക്കും ചെലവിനായി മാസം 30000 രൂപ നൽകണമെന്ന് കോടതി വിധിച്ചു.