എയര്‍ ഇന്ത്യയുടെ ടെക് സെന്റര്‍ കൊച്ചിയില്‍: ആറ് മാസത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാകും
ടാറ്റ ഗ്രൂപ്പിന്റെ കൈകളിലായ ‘എയര്‍ ഇന്ത്യ’ വിമാനക്കമ്പനി പുതുതായി തുടങ്ങുന്ന രണ്ട് ടെക്നോളജി ഡെവലപ്മെന്റ് സെന്ററുകളിലൊന്ന് കൊച്ചിയില്‍ വരുന്നു. കാക്കനാട് ഇന്ഫോപാര്ക്കിലോ, സമീപത്തോ ആയി ആറു മാസത്തിനുള്ളില്‍ ഇത് സജ്ജമാകും. ഡല്‍ഹിക്ക് സമീപം ഗുരുഗ്രാമിലായിരിക്കും എയര്‍ ഇന്ത്യയുടെ ആദ്യ ടെക് സെന്റര്‍.
കൊച്ചിയില്‍ തുടങ്ങുന്ന ടെക് കേന്ദ്രത്തിലേക്കുള്ള നിയമനനടപടികള്‍ പുരോഗമിക്കുകയാണ്. സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍മാര്‍, ആപ്പ് ഡെവലപ്പര്‍മാര്‍, സൈബര്‍ സെക്യൂരിറ്റി ടെസ്റ്റിങ് വിദഗ്ധര്‍ എന്നിവരെയൊക്കെയാവും കൊച്ചി കേന്ദ്രത്തില്‍ നിയമിക്കുക. ഇവര്‍ക്കായുള്ള അഭിമുഖം ഏതാനും ദിവസം മുമ്പ് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്നു. ടാറ്റ ഗ്രൂപ്പിന് കിഴിലുള്ള ടി.സി.എസ്., ടാറ്റ ഡിജിറ്റല്‍ എന്നീ കമ്പനികളില്‍ നിന്നുള്ള വിദഗ്ധരില്‍ ചിലരും എയര്‍ ഇന്ത്യ ടെക്നോളജി സെന്ററില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കൈകളില്‍ നിന്ന് ഏറ്റെടുത്ത എയര്‍ഇന്ത്യയുടെ സംയോജനം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലും ഗുരുഗ്രാമിലും ടെക്നോളജി സെന്ററുകള്‍ തുടങ്ങുന്നത്. ഉപഭോക്തൃ സേവനം ജനപ്രിയമാക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയില്‍ വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ എന്നീ കമ്പനികളെ ലയിപ്പിക്കുന്നുണ്ട്. ഇതിന്റെ ബാക്ക് എന്‍ഡ് സാങ്കേതികവിദ്യ ഏകീകരിക്കാനും മറ്റുമുള്ള ചുമതല പുതിയ ടെക് സെന്ററിനായിരിക്കും.