യുവാവിന്റെ ആത്മഹത്യ കൊലപാതകമെന്ന് കുടുംബം; പ്രേരണാക്കുറ്റം, CPM ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
സന്തോഷിന്റെ ഭാര്യ സുധിനയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്
അറസ്റ്റിലായ ജോബിൻ
അടക്കാത്തോട്: കണ്ണൂര്‍ പുളിയിലക്കലിൽ സന്തോഷിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേളകം പോലീസ് ഒരാളെ അറസ്റ്റുചെയ്തു. അടക്കാത്തോട് മുട്ടുമാറ്റി സ്വദേശി ചേനാട്ട് ജോബിനെ (36) ആണ് കേളകം എസ്.എച്ച്.ഒ. അജയ്കുമാർ അറസ്റ്റ് ചെയ്തത്.
സന്തോഷിന്റെ ഭാര്യ സുധിനയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സി.പി.എം. മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറിയാണ് ജോബിൻ. സന്തോഷിന്റെ മരണം കൊലപാതകമാണെന്നും ദുരൂഹതകൾ നീക്കണമെന്നുമാവശ്യപ്പെട്ട് ഭാര്യയും കുടുംബവും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, കേളകം എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ കേസന്വേഷിക്കാൻ അഞ്ചംഗ സംഘം രൂപവത്കരിച്ചു.
ജോബിയും സംഘവും സന്തോഷിനെ മർദിച്ചിരുന്നതായി ഭാര്യ പരാതിയിൽ പറഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ജോബിനെ വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.