കാണാതായ ബാങ്ക് ജീവനക്കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; സുഹൃത്ത് കസ്റ്റഡിയില്‍
വെടിയേറ്റാണ് യുവതി മരിച്ചതെന്നും പിന്നീട് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതാണെന്നും പോലീസ് പറഞ്ഞു.
റായ്പുര്‍: പത്തുദിവസം മുമ്പ് ഛത്തീസ്ഗഢില്‍നിന്ന് കാണാതായ ബാങ്ക് ജീവനക്കാരിയെ ഒഡീഷയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഢ് കോര്‍ബ സ്വദേശിനി തനു കുറേ(26)യെയാണ് ഒഡീഷയിലെ ബാലംഗീറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
വെടിയേറ്റാണ് യുവതി മരിച്ചതെന്നും പിന്നീട് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതാണെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ ആണ്‍സുഹൃത്തായ സച്ചിന് അഗര്‍വാളി(28)നെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഛത്തീസ്ഗഢിലെ റായ്പുരില്‍ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ തനുവിനെ നവംബര്‍ 21-ാം തീയതി മുതലാണ് കാണാതായത്. അന്നേദിവസം സുഹൃത്തായ സച്ചിനൊപ്പം തനു കുറേ ഒഡീഷയിലേക്ക് പോയെന്നായിരുന്നു വിവരം. തുടര്‍ന്ന് നവംബര്‍ 22-ാം തീയതി യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ഛത്തീസ്ഗഢ് പോലീസ് കേസില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഒഡീഷയിലെ ബാലംഗീറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതായുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് ഒഡീഷയിലെത്തി നടത്തിയ പരിശോധനയില്‍ മരിച്ചത് തനുവാണെന്ന് തിരിച്ചറിയുകയായിരുന്നു.
യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. തെളിവ് നശിപ്പിക്കാനായാണ് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതെന്നും റായ്പുര്‍ പോലീസ് പറഞ്ഞു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സച്ചിന് അഗര്‍വാളിനെ പോലീസ് ചോദ്യംചെയ്തുവരികയാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, യുവതിയെ കൊലപ്പെടുത്തിയത് സച്ചിനാണെന്നും ഇയാള്‍ കുറ്റംസമ്മതിച്ചതായും ചില പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.