എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ മുഖത്ത് സ്റ്റീല്‍ പൈപ്പുകൊണ്ട് മര്‍ദിച്ചു; അച്ഛന് അറസ്റ്റില്‍
കുഞ്ഞിന്റെ വലത് കവിളിലാണ് അടിയേറ്റത്. താടിയെല്ലിന് പൊട്ടലുണ്ട്
പത്തനംതിട്ട: അടൂര്‍ മുണ്ടപ്പള്ളയില് എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അച്ഛന് സ്റ്റീല്‍ പൈപ്പുകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചു. കുഞ്ഞിന്റെ താടിയെല്ലിന് പരിക്കുണ്ട്. കുടുംബവഴക്കിനിടെ ഭാര്യയേയും ഇയാള്‍ മര്‍ദ്ദിച്ചു. സംഭവത്തില്‍ മുണ്ടപ്പള്ളി സ്വദേശി ഷിനുമോനെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഷിനുമോന്‍ മാതാവിനെ തല്ലാന്ശ്രമിച്ചപ്പോള് ഭാര്യ ഇടപെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചു. ഇതിനിടെയാണ് കുഞ്ഞിന് അടിയേല്‍ക്കുന്നത്. ഭാര്യയേയും കുഞ്ഞിനേയും ഇയാള്‍ സ്റ്റീല്‍ പൈപ്പുകൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.
കുഞ്ഞിന്റെ വലത് കവിളിലാണ് അടിയേറ്റത്. താടിയെല്ലിന് പൊട്ടലുണ്ട്. താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കുഞ്ഞിനേയും അമ്മയേയും വീട്ടിലേക്ക് തിരിച്ചയച്ചു. ഷിനുമോന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷിനുമോനെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്ത ഷിനുമോനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഷിനുമോന്‍ എതിരായ കേസ്. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരുന്ന ഷിനുമോന്‍ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു.