കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; ശിക്ഷാവിധി തിങ്കളാഴ്ച
തിരുവനന്തപുരം: കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരൻ ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ.
ലാത്വിയൻ യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ റിസോർട്ടിലെത്തിയ വനിതയെ 2018 മാർച്ച് 14നാണ് കാണാതായത്.
ഏപ്രിൽ 20ന് പൂനംതുരുത്തിൽ ചതുപ്പിൽ അഴുകിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലുണ്ടായിരുന്ന വസ്ത്രങ്ങൾ സഹോദരി തിരിച്ചറിഞ്ഞതോടെയാണ് കൊല്ലപ്പെട്ടത് ലാത്വിയൻ യുവതിയാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് ഡി എൻ എ പരിശോധനയും നടത്തി.
ടൂറിസ്റ്റ് ഗൈഡുകളാണെന്നും സ്ഥലങ്ങൾ കാണിച്ചുതരാമെന്നും പറഞ്ഞാണ് പ്രതികൾ യുവതിയെ സമീപിച്ചത്. തുടർന്ന് കണ്ടൽക്കാടുകളിലെത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. അന്ന് ഫോർട്ട് അസി.കമ്മിഷണറായിരുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജെ.കെ. ദിനിലാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്.