പെട്രോള്‍ തീര്‍ന്നതോടെ മോഷ്ടിച്ച സ്കൂട്ടര്‍ ഉപേക്ഷിച്ച് മടങ്ങി;രാത്രി വീട്ടിലെത്തി പിടികൂടി പോലീസ്
രാത്രി പത്തരയോടെ പോലീസ് വീട്ടിലെത്തിയപ്പോള്‍ ടെറസില്കയറി അടുത്തുള്ള മരംവഴി ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്പെടുത്തുകയായിരുന്നു.
ബെന്നി ബാബു
മല്ലപ്പള്ളി: ടൗണില്‍നിന്ന് സ്കൂട്ടര്‍ മോഷ്ടിച്ചയാളെ ഏഴ് മണിക്കൂറിനകം കീഴ്വായ്പൂര് പോലീസ് പിടികൂടി. നെടുങ്ങാടപ്പള്ളി മഠത്തിക്കുളം വീട്ടില്‍ ബെന്നി ബാബുവിനെ (24) ആണ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് മഞ്ഞത്താനം കൊച്ചിക്കുഴിയില്‍ ജോണ്‍ വര്‍ഗീസിന്റെ സ്കൂട്ടര്‍ മല്ലപ്പള്ളി-കോട്ടയം റോഡില്‍ സഹകരണബാങ്കിന് എതിര്‍വശത്തുനിന്ന് ഇയാള്‍ മോഷ്ടിച്ചത്. ഈ ദൃശ്യം സി.സി.ടി.വി. ക്യാമറയില്‍നിന്ന് ലഭിച്ചിരുന്നു. കോഴഞ്ചേരിയിലെത്തിയപ്പോള്‍ പെട്രോള്‍ തീര്‍ന്നതിനാല്‍ അവിടെ സ്കൂട്ടര്‍ ഉപേക്ഷിച്ച് ബെന്നി മടങ്ങി. രാത്രി പത്തരയോടെ പോലീസ് വീട്ടിലെത്തിയപ്പോള്‍ ടെറസില്കയറി അടുത്തുള്ള മരംവഴി ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്പെടുത്തുകയായിരുന്നു.
ചങ്ങനാശ്ശേരി അടക്കം നിരവധി സ്റ്റേഷനുകളില്‍ ഇയാള്‍ പ്രതിയായി കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ്, എസ്.ഐ.മാരായ സുരേന്ദ്രന്, ജയകൃഷ്ണന്, സി.പി.ഒ.മാരായ ആന്‍സിം, വിഷ്ണുദേവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.