രാഷ്ട്രീയം കളിച്ച് ഉന്നത വിദ്യാഭ്യാസം കുട്ടിച്ചോറാക്കിയപ്പോൾ മലയാളി വിദ്യാർത്ഥികൾ കൂട്ടത്തോടെ രാജ്യം വിടുന്നു
തിരുവനന്തപുരം: കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം കുട്ടിച്ചോറാക്കുന്ന രാഷ്ട്രീയാതിപ്രസരവും,അധികാര വടംവലിയും,സമരാഭാസങ്ങളും യൂണിയൻ രാജും കേരളത്തിലെ സർവകലാശാലകളെ ചരിത്രത്തിലാദ്യമായി കൂട്ടത്തോടെ ഭരണസ്തംഭനത്തിലും പ്രതിസന്ധിയിലുമാഴ്ത്തി.
വിദ്യാർത്ഥികൾ തീ തിന്നുകയാണ്. പരീക്ഷകളും ഫലപ്രഖ്യാപനവും നീളുന്നതിനാൽ ഡിഗ്രി, പി. ജി. കോഴ്സുകൾ സമയത്ത് തീരുന്നില്ല. സർട്ടിഫിക്കറ്റുകൾ നൽകുന്നില്ല. വിദേശത്തടക്കം ജോലി കിട്ടിയ ആയിരത്തോളം പേർ ഒറിജിനൽ സമർപ്പിക്കാനാവാതെ ആധിയിലാണ്.ആരോഗ്യ സർവകലാശാലാ വി.സി ഡോ.മോഹൻ കുന്നുമ്മൽ ഒഴികെ ഒൻപത് വി. സിമാർ പുറത്താക്കൽ ഭീഷണിയിലാണ്. കേരള, കാർഷിക, ഫിഷറീസ്, സാങ്കേതിക സർവകലാശാലകൾ ഇൻചാർജ് വി.സി ഭരണത്തിൽ. കസേരയുറപ്പിക്കാൻ ഗവർണർക്കെതിരേ കോടതികൾ കയറിയിറങ്ങുന്ന വി.സിമാർ നയപരമായ തീരുമാനങ്ങളെടുക്കാത്തത് ഭരണ സ്തംഭനമുണ്ടാക്കുന്നു. ഒന്നിനും വി.സിമാരുടെ മേൽനോട്ടമില്ല. അദ്ധ്യാപക നിയമനങ്ങളടക്കം മുടങ്ങി.
എം.ജി, കാലിക്കറ്റ്, കുസാറ്റ്, സംസ്കൃതം, കണ്ണൂർ, മലയാളം, ഓപ്പൺ, ഡിജിറ്റൽ, വെറ്ററിനറി വി.സിമാരാണ് പുറത്താക്കൽ ഭീഷണിയിൽ. ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലാക്കാൻ ബഡ്ജറ്റിലെ ആയിരം കോടിയുൾപ്പെടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കെയാണ് ഈ അധഃപതനം.