കാട്ടാന ഇറങ്ങിയതറിഞ്ഞെത്തി; നാട്ടുകാര്‍ തുരത്തുന്നതിനിടെ വനംവകുപ്പിന്റെ വാഹനത്തിന് നേരെ പാഞ്ഞടുത്തു
വനത്തോട് ചേര്‍ന്ന് നില്ക്കുന്ന ജനവാസമേഖലയാണ് പാലൂര്
വനംവകുപ്പ് വാഹനത്തിന് നേരെ പാഞ്ഞടുക്കുന്ന കാട്ടാന
പാലക്കാട്: അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ ആര്.ആര്.ടി. വാഹനത്തിന് നേരെ കാട്ടാനപാഞ്ഞടുത്തു. പാലൂരില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങിയത് അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങിയ വാഹനത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.
ശബ്ദമുണ്ടാക്കിയും ടോര്‍ച്ച് തെളിച്ചും നാട്ടുകാര്‍ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് വനംവകുപ്പിന്റെ വാഹനത്തിന് നേരെ തിരിഞ്ഞത്. ആനയ്ക്ക് കടന്നുപോകാനായി വാഹനം സൈഡ് നല്‍കിയെങ്കിലും മാറിപ്പോകാന്‍ കൂട്ടാക്കിയില്ല. ഇതിനെത്തുടര്‍ന്ന് വാഹനത്തിന് രണ്ടരകിലോമീറ്ററോളം പിന്നോട്ട് പോകേണ്ടിവന്നു.
വനത്തോട് ചേര്‍ന്ന് നില്ക്കുന്ന ജനവാസമേഖലയാണ് പാലൂര്. കഴിഞ്ഞമാസം ഇവിടെ കാട്ടാനയിറങ്ങിയിരുന്നു. ഗര്‍ഭിണിയും കുടുംബവുമായി പോകുകയായിരുന്ന ആര്.ആര്.ടി. വാഹനത്തിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.