എയ്ഡഡ് പ്രൈമറി സ്കൂൾ പ്രഥമാധ്യാപകർ: 50 കഴിഞ്ഞവർക്ക് പരീക്ഷ വേണ്ട
എം.പി. സൂര്യദാസ്
യോഗ്യതയുള്ളവര് ഉണ്ടെങ്കിൽ മുൻഗണന ആർക്കെന്ന് വ്യക്തതയില്ല
കോഴിക്കോട്: എയ്ഡഡ് പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമാധ്യാപകനാകാൻ വകുപ്പുതലപരീക്ഷ വിജയിക്കണമെന്ന വ്യവസ്ഥ 50 വയസ്സുകഴിഞ്ഞവർക്ക് ഇളവുചെയ്ത് പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്.
നേരത്തേ 50 വയസ്സുകഴിഞ്ഞവർക്കുണ്ടായിരുന്ന ഇളവ് വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കിയപ്പോൾ റദ്ദാക്കിയിരുന്നു. ഇതു ചോദ്യംചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുകൂലവിധി പറഞ്ഞ സാഹചര്യത്തിലാണ് പുതിയ നിർദേശമെന്നും പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിൽ പറയുന്നു.
വകുപ്പുതലപരീക്ഷ വിജയിക്കാത്ത, 50 വയസ്സുകഴിഞ്ഞ അധ്യാപകർക്ക് പ്രഥമാധ്യാപകനായി സ്ഥാനക്കയറ്റം നൽകുന്നതിനായി കെ.ഇ.ആറിൽ നേരത്തേതന്നെ വ്യവസ്ഥയുണ്ട്. 2009-ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കി കേരള വിദ്യാഭ്യാസ അവകാശച്ചട്ടം പുറത്തിറക്കിയപ്പോൾ പ്രഥമാധ്യാപകനുവേണ്ട യോഗ്യത വ്യക്തമാക്കിയിരുന്നെങ്കിലും കെ.ഇ.ആർ. പ്രകാരം 50 വയസ്സ് പൂർത്തിയായവർക്ക് ലഭ്യമായിരുന്ന ഇളവുവ്യവസ്ഥ ചേർത്തിരുന്നില്ല.
പിന്നീട് ഭേദഗതിയോടെ പുതിയ സർക്കുലർ ഇറക്കി. ഇതു ചോദ്യംചെയ്താണ് ചില അധ്യാപകർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെയും കോടതിയെയും സമീപിച്ചത്. എന്നാൽ, പുതിയ ഉത്തരവിലും അവ്യക്തതയുണ്ടെന്ന് അധ്യാപകർ പരാതിപ്പെടുന്നു. വകുപ്പുതലപരീക്ഷ വിജയിച്ച 50 വയസ്സ് പൂർത്തിയായ അധ്യാപകനും പരീക്ഷ വിജയിക്കാത്ത 50 വയസ്സ് പൂർത്തിയായ അധ്യാപകനുമുള്ളപ്പോൾ ആർക്കാകും മുൻഗണനയെന്ന് ഉത്തരവിൽ പറയുന്നില്ല.
വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ലക്ഷ്യത്തെ ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ ഉത്തരവെന്നുമാണ് ഇവർ ആരോപിക്കുന്നത്. പുതിയ ഉത്തരവിലെ അവ്യക്തത കാരണം അധികയോഗ്യത അയോഗ്യതയായി മാറുമോയെന്നും ഇവർ ചോദിക്കുന്നു.