ചടങ്ങിനിടെ വരൻ ചുംബിച്ചു, പിന്നാലെ വിവാഹം ഉപേക്ഷിച്ച് 23കാരി, പൊലീസിൽ പരാതി നൽകി
ലക്നൗ: വേദിയിൽ വച്ച് വരൻ ചുംബിച്ചതിനെത്തുടർന്ന് വിവാഹം വേണ്ടെന്നുവച്ച് യുവതി. ഉത്തർപ്രദേശിലെ സംഭാലിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പരസ്പരം മാലയിട്ടതിന് പിന്നാലെ യുവാവ് വധുവിനെ ചുംബിക്കുകയായിരുന്നു. പിന്നാലെ യുവതി വേദിയിൽ നിന്നിറങ്ങിപ്പോവുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.മുന്നൂറോളം അതിഥികൾ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്ന് വിവാഹചടങ്ങുകൾ നിർത്തിവയ്ക്കുകയും അതിഥികൾ തിരികെപ്പോവുകയും ചെയ്തു. സുഹൃത്തുക്കളുമായുള്ള പന്തയത്തിന്റെ പേരിലാണ് യുവാവ് ചുംബിച്ചതെന്നും അതിനാൽ യുവാവിന്റെ സ്വഭാവത്തെക്കുറിച്ച് സംശയമുണ്ടെന്നും വിവാഹം ഉപേക്ഷിച്ചതിന് പിന്നാലെ 23കാരിയും ബിരുദധാരിയുമായ യുവതി പറയുന്നു. 26കാരനായ വിവേക് അഗ്നിഹോത്രിയാണ് വരൻ.യുവതി പരാതിപ്പെട്ടതിന് പിന്നാലെ ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. വേദിയിലായിരിക്കെ യുവാവ് അനുചിതമായി സ്പർശിച്ചുവെന്നും ആദ്യം താനത് കാര്യമാക്കിയില്ലെന്നും യുവതി പൊലീസിനോട് മൊഴി നൽകി. എന്നാൽ പിന്നീടയാൾ പ്രതീക്ഷിക്കാത്തത് പ്രവർത്തിച്ചു. താൻ ഞെട്ടിപ്പോയെന്നും അപമാനിക്കപ്പെട്ടതായി തോന്നിയെന്നും യുവതി പറഞ്ഞു. അതിഥികൾക്ക് മുന്നിൽ തന്റെ ആത്മാഭിമാനത്തെക്കുറിച്ച് അയാൾ ചിന്തിക്കാതെ മോശമായി പെരുമാറി. ഇപ്പോൾ ഇങ്ങനെയാണെങ്കിൽ ഭാവിയിൽ എപ്രകാരമായിരിക്കും പെരുമാറുക. അതിനാൽ തന്നെ അയാളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും യുവതി വ്യക്തമാക്കി.വരനെ സുഹൃത്തുക്കൾ ചേർന്ന് പ്രകോപിപ്പിച്ചതാണെന്നും മകളെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ട് വഴങ്ങുന്നില്ലെന്നും യുവതിയുടെ മാതാവ് പറഞ്ഞു. മകൾക്ക് കുറച്ച് സമയം കൊടുക്കാൻ തീരുമാനിച്ചുവെന്നും കുറച്ച് ദിവസങ്ങൾക്ക് ശേഷം സംഭവത്തിൽ തീരുമാനമെടുക്കാമെന്ന് നിശ്ചയിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.അതേസമയം, സംഭവങ്ങൾ നടക്കുന്നതിനിടെ ചടങ്ങുകൾ കഴിഞ്ഞതിനാൽ ഇരുവരും നിലവിൽ വിവാഹിതരായി കഴിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ വധു വിവാഹം ഉപേക്ഷിച്ചിരിക്കുകയാണ്. അതിനാൽ കാര്യങ്ങൾ ശാന്തമായിക്കഴിഞ്ഞുമാത്രം സംഭവത്തിൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.