വിഴിഞ്ഞം സംഘർഷം വ്യക്തമായ ഗൂഢോദ്ദേശത്തോടെ, നാടിന്റെ സ്വൈര്യം കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്; പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്റെ സ്വൈര്യം കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭീഷണിയ്ക്ക് പുറമെ ആക്രമണവും വ്യാപകമായി നടക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
അക്രമികളുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് പൊലീസ് വിവേകത്തോടെ തിരിച്ചറിഞ്ഞു. പൊലീസിന്റെ ധീരമായ നിലപാട് കാരണമാണ് അക്രമികളുടെ ലക്ഷ്യം നടക്കാതെ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം സംഘർഷം നടന്നതിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.
അതേസമയം, വിഴിഞ്ഞത്ത് നടന്ന ഹിന്ദു ഐക്യവേദി മാർച്ചിനെതിരെ പൊലീസ് കേസെടുത്തു. കെ പി ശശികല അടക്കമുള്ള കണ്ടാലറിയാവുന്ന എഴുന്നൂറോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വൈദികരുടെ നേതൃത്വത്തിലുള്ള തുറമുഖ വിരുദ്ധ സമരത്തിനെതിരെ ഇന്നലെയായിരുന്നു ഹിന്ദു ഐക്യവേദി മാർച്ച് നടത്തിയത്.