വൈദ്യുതി വേണമെങ്കിൽ ഇനി 9000 രൂപ വരെ മുടക്കേണ്ടി വരും; ഉപയോക്താക്കൾക്ക് പണി തരാനൊരുങ്ങി കെ എസ് ഇ ബി
തിരുവനന്തപുരം: ഉപയോക്താക്കൾക്ക് വലിയ രീതിയിലുള്ള സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന രീതിയിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനുള്ള നീക്കവുമായി കെഎസ്ഇബി. നിലവിലെ തീരുമാനമനുസരിച്ച് സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചാൽ ഒരു ഉപഭോക്താവിന് 9000 രൂപ വരെ മുടക്കേണ്ടിവരും
പദ്ധതി നടപ്പാക്കുന്നതിന് വൈദ്യുതി ബോർഡിലെ വിതരണ വിഭാഗം ഡയറക്ടർക്ക് വ്യക്തിതാൽപര്യമുണ്ടെന്നാണ് സിഐടിയു യൂണിയന്റെ ആരോപണം. വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ പദ്ധതി നടപ്പാക്കാൻ പാടുള്ളു എന്ന് ചൂണ്ടിക്കാട്ടി സംഘടനകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനോട് എതിർപ്പില്ലെങ്കിലും വൈദ്യുതി ബോർഡ് മാനേജ്മെന്റിന്റെ ഇപ്പോഴത്തെ നീക്കം 7830 കോടി രൂപയുടെ അധിക ബാദ്ധ്യത വരുത്തുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്
പദ്ധതിക്കായി റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പിടുന്നതിന് മുന്നോടിയായി ഊർജവകുപ്പ് സെക്രട്ടറിയും ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ വിതരണ വിഭാഗം ഡയറക്ടർക്ക് വ്യക്തിതാൽപ്പര്യമുണ്ടെന്ന് ബോർഡിലെ ഏക അംഗീകൃത യൂണിയനായ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷനും ആരോപിക്കുന്നു. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. വിശദമായ ചർച്ചകൾക്ക് ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്നാവശ്യപ്പെട്ട് സിഐടിയു നേതാവ് എളമരം കരീം ,എഐടിയുസിയുടെ കെ പി രാജേന്ദ്രന്, ഐഎന്‍ടിയുസിയുടെ ആര് ചന്ദ്രശേഖരന് എന്നിവര്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി.