മുംബയ് നഗരത്തിൽ കൊറിയൻ യുട്യൂബർക്ക് നേരെ ലൈംഗികാതിക്രമം, വീഡിയോ
മുംബയ്: കൊറിയയിൽ നിന്നുള്ള യുട്യൂബർക്ക് നേരെ മുംബയ് നഗരത്തിൽ ലൈംഗികാതിക്രമം. മുംബയിലെ ഖാർ എന്ന സ്ഥലത്ത് ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ദക്ഷിണ കൊറിയയിൽ നിന്നുള്ള യുട്യൂബറായ മ്യോചി എന്ന യുവതിയാണ് മുംബയ് തെരുവിൽ അനേകം പേർ നോക്കിനിൽക്കേ അതിക്രമത്തിനിരയായത്. യുവതി ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെ ഒരു യുവാവ് ഇവരുടെ കൈയിൽ ബലമായി കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു.
യുട്യൂബറുമായി സംസാരിക്കുന്നതിനിടെ യുവാവ് കൈയിൽ കടന്നുപിടിക്കുന്നതും അയാളുടെ ബൈക്കിൽ കയറാൻ നിർബന്ധിച്ച് വലിച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ഇയാൾ ചുംബിക്കാൻ ശ്രമിക്കുന്നു. പകച്ചുപോയ യുവതി നിരന്തരം പ്രതിഷേധിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ശേഷം ഇവർ മുന്നോട്ടുനടക്കുന്നു. തുടർന്ന് യുവാവ് മറ്റൊരാളുമായി ബൈക്കിലെത്തി യുവതിയെ പിന്തുടരുകയും വാഹനത്തിൽ കയറാൻ നിർബന്ധിക്കുകയും ചെയ്യുന്നു. തന്റെ വീട് അടുത്താണെന്ന് പറഞ്ഞ് യുവതി മുന്നോട്ടു നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
@MumbaiPolice A streamer from Korea was harassed by these boys in Khar last night while she was live streaming in front of a 1000+ people. This is disgusting and some action needs to be taken against them. This cannot go unpunished. pic.twitter.com/WuUEzfxTju
— Aditya (@Beaversama_) November 30, 2022
ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ നിരവധിപ്പേരാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. അതിക്രമം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും തക്കതായ ശിക്ഷ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് അതിക്രമത്തിനിരയായ യുവതിയും കുറിപ്പ് പങ്കുവച്ചു.
ഒരു യുവാവ് അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നും ഒഴിഞ്ഞുമാറാൻ താൻ പരമാവധി ശ്രമിച്ചുവെന്നും യുവതി കുറിപ്പിൽ പറയുന്നു. എന്നാൽ താനാണ് സംഭവത്തിന് തുടക്കമിട്ടതെന്ന് ചിലർ പറഞ്ഞു. യുവാവിനോട് സൗഹൃദപരമായി സംസാരിച്ചതും സംഭാഷണം ആരംഭിച്ചത് താനാണെന്നും ചിലർ പറയുന്നു. ഇനിയും സ്ട്രീമിംഗ് നടത്തണമോയെന്ന് ചിന്തിക്കാൻ ഇത്തരം പരാമർശങ്ങൾ തന്നെ പ്രേരിപ്പിക്കുകയാണെന്നും യുവതി കുറിപ്പിൽ പറഞ്ഞു.
സംഭവത്തിന് പിന്നാലെ രണ്ട് യുവാക്കളും അറസ്റ്റിലായതായി മുംബയ് പൊലീസ് അറിയിച്ചു. ഔദ്യോഗിക പരാതി ലഭിച്ചിരുന്നില്ലെന്നും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. മൊബീൻ ചന്ദ് മൊഹമ്മദ് ഷെയ്ഖ്, മൊഹമ്മദ് നഖീബ് സദ്രിയാലം അൻസാരി എന്നിവരാണ് അറസ്റ്റിലായത്.