നാല് വർഷം മുമ്പ് ഭർത്താവിനെ കഴുത്തറുത്ത് കൊന്ന സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി, വിഷം കഴിച്ച കാമുകൻ ഗുരുതരാവസ്ഥയിൽ
മലപ്പുറം: കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. താനൂർ സ്വദേശി സൗജത്തിനെയാണ് കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടിയിലെ വീട്ടിലാണ് മൃതദേഹം കണ്ടത്. കൊലപാതകമെന്നാണ് സൂചന.
കാമുകൻ ബഷീറിനെ വിഷം കഴിച്ച നിലയിലും കണ്ടെത്തി. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ബഷീർ വിഷം കഴിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
2018 ഒക്ടോബറിലാണ് സൗജത്തിന്റെ ഭർത്താവ് സവാദ് കൊല്ലപ്പെട്ടത്. കാമുകനൊപ്പം കഴിയാൻ വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് സൗജത്ത് പൊലീസിനോട് പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളിയായ സവാദിനെ ബഷീറിന്റെ സഹായത്തോടെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ശേഷം കഴുത്തറുക്കുകയും ചെയ്തിരുന്നു. കേസിൽ ജാമ്യത്തിറങ്ങിയതായിരുന്നു ഇരുവരും. സൗജത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.