മയോസൈറ്റിസ് രോഗം ഭേദമാകുന്നില്ല; ചികിത്സയ്ക്കായി സാമന്ത ദക്ഷിണ കൊറിയയിലേക്ക്
തെന്നിന്ത്യൻ താരസുന്ദരി സാമന്ത ദക്ഷിണ കൊറിയയിലേക്ക്. നടിയെ ബാധിച്ച മയോസൈറ്റിസ് രോഗ ചികിത്സയ്ക്കായാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസമാണ് മയോസൈറ്റിസ് രോഗം ബാധിച്ചതായി സമാന്ത വെളിപ്പെടുത്തിയത്. കൂടുതൽ മെച്ചപ്പെട്ട ചികിത്സ തേടിയാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നത്. നേരത്തെ ഹെെദരാബാദിൽ തന്നെ ഇതിനായി ആയുർവേദ ചികിത്സ നടത്തുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു
ഉടൻ ദക്ഷിണ കൊറിയയിലേക്ക് പോകുമെന്നും ഏതാനും മാസങ്ങൾ താരം അവിടെ ചികിത്സയ്ക്കായി തുടരേണ്ടി വരുമെന്നുമാണ് പ്രമുഖമാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. ചികിത്സയ്ക്ക് ശേഷം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ‘ഖുഷി’യുടെ ചിത്രീകരണം പുനാരാരംഭിക്കും.
രോഗപ്രതിരോധ സംവിധാനത്തെയും പേശികളെയും ആക്രമിക്കുന്ന ഒരു അവസ്ഥയാണ് മയോസൈറ്റിസ്. പേശികളുടെ ബലക്കുറവും എല്ലുകൾക്ക് വേദനയുമാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ചുസമയം നിൽക്കുകയോ നടക്കുകയോ ചെയ്താൽ ക്ഷീണം അനുഭവപ്പെടുക എന്നിവയും ഇവയുടെ ലക്ഷണങ്ങളാണ്.