പണമിടപാടുകൾ എളുപ്പത്തിലാക്കാൻ കൈത്തണ്ടയിൽ ബാർകോഡ് ടാറ്റൂ ചെയ്ത് യുവാവ്
ടാറ്റു ചെയ്യുന്നത് ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഏറിയ പങ്ക് ആളുകളും. സാധാരണയായി ഇഷ്ടപ്പെട്ട വാക്കുകളും വ്യക്തികളുടെ പേരുകളും ചിത്രങ്ങളും സന്ദേശങ്ങളും ഒക്കെയാണ് ടാറ്റു ചെയ്യാറ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിന്തിച്ചിരിക്കുകയാണ് ഒരു തായ്വാൻ സ്വദേശി. ഓൺലൈൻ പണം ഇടപാടുകളുടെ ഈ കാലത്ത് അതിനു കൂടി ഉതകുന്ന വിധത്തിലാണ് ഈ തായ് സ്വദേശി തന്റെ കൈത്തണ്ടയിൽ ഒരു ടാറ്റു ചെയ്തത്. തൻറെ ഓൺലൈൻ പണം ഇടപാടുകൾ വേഗത്തിലും എളുപ്പത്തിലും ആക്കാൻ ഇയാൾ സ്വന്തം കൈത്തണ്ടയിൽ ഒരു ബാർകോഡ് ആണ് ടാറ്റു ചെയ്തത്.
പണം ഇടപാടുകൾ നടത്തേണ്ട സമയത്തെല്ലാം ഫോൺ കയ്യിൽ കരുതേണ്ടത് ഒരു അസൗകര്യമായി തോന്നിയതിനാൽ ആണ് ഇയാൾ ഇങ്ങനെ ഒരു വ്യത്യസ്തമായ മാർഗം പരീക്ഷിച്ചത്. തായ്ലൻഡിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ഡികാർഡ്’-ൽ ബാർകോഡ് ടാറ്റു ചെയ്ത തൻറെ കൈ കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോ ഇയാൾ പോസ്റ്റ് ചെയ്തതോടെയാണ് ഈ വാർത്ത വൈറലായത്. തൻറെ പേര് ഇയാൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടാറ്റു ചെയ്യണമെന്നുള്ള തന്റെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇപ്പോൾ സഫലമായിരിക്കുന്നത് എന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. എല്ലാവരും ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം എന്നും അതുകൂടി ചിന്തിച്ചാണ് ഇത്തരത്തിൽ ഒരു ടാറ്റു ചെയ്തതെന്നാണ് ഇയാൾ പറയുന്നത്.
മുൻപ്, അലക്സാണ്ടർ വോൾചെക്ക് എന്ന റഷ്യൻ ഡോക്ടർ തന്റെ കൈയുടെ ചർമ്മത്തിന് കീഴിൽ ബാങ്ക് കാർഡ് ചിപ്പ് ഉൾപ്പെടെയുള്ള ചിപ്പുകൾ ഘടിപ്പിച്ചതിനെ തുടർന്ന് മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. റഷ്യൻ മാധ്യമങ്ങൾ ‘ഡോക്ടർ ചിപ്പ്’ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.