അഞ്ചാംപനി വ്യാപനം; പ്രതിരോധ കുത്തിവെപ്പ് പ്രചരിപ്പിക്കാൻ വിദഗ്ധർ
മലപ്പുറം: പ്രതിരോധ കുത്തിവെപ്പെടുത്താൽ തടയാവുന്ന അഞ്ചാംപനി ജില്ലയിൽ പടർന്നുപിടിച്ച സാഹചര്യത്തിൽ ബോധവത്കരണ പ്രവർത്തനങ്ങളുമായി ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി.).
രോഗം പടർന്ന കൽപ്പകഞ്ചേരിയിലും മറ്റു കേന്ദ്രങ്ങളിലും സ്കൂളുകളിൽ അധ്യാപക രക്ഷാകർത്തൃയോഗം വിളിച്ച് ബോധവത്കരണം നടത്തുമെന്ന് അക്കാദമി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മതസംഘടനാ നേതാക്കളെയും കാണും.
95 ശതമാനം പേരും കുത്തിവെപ്പെടുത്താലേ രോഗവ്യാപനം തടയാനാകൂ എന്നിരിക്കെ ജില്ലിയിൽ 87 ശതമാനം വരെയേ എത്തിയിട്ടുള്ളൂ. പലരും അജ്ഞതകൊണ്ടും അലസതകൊണ്ടും കുത്തിവെപ്പെടുക്കുന്നില്ല.
ആരോഗ്യരംഗത്ത് ലോകനിലവാരം കൈവരിച്ച കേരളത്തിന് ഇതു നാണക്കേടാണ്. ഇപ്പോൾ രോഗം ബാധിച്ച 80 ശതമാനം പേരും കുത്തിവെപ്പെടുത്തിട്ടില്ലെന്നത് പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു.
മുംബൈയിൽ എട്ടുപേർ മരിച്ചു. കുട്ടികളുടെ പ്രതിരോധശേഷി തത്കാലത്തേക്കെങ്കിലും തകർത്തുകളയുന്നതാണ് അഞ്ചാംപനി. ന്യുമോണിയ, തലച്ചോറിൽ പഴുപ്പ് തുടങ്ങിയവ വരാം.
അഞ്ചാംപനിക്കു പുറമെ വില്ലൻചുമ, പിള്ളവാതം, കുതിരസന്നി, തൊണ്ടമുള്ള്, മസ്തിഷ്കജ്വരം തുടങ്ങിയവയെല്ലാം പ്രതിരോധ കുത്തിവെപ്പുകൊണ്ട് നിയന്ത്രിക്കപ്പെട്ടതാണെന്ന് ഓർക്കണം. വാക്സിനുകൾ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി കിട്ടും. ഇതിന് പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പായിട്ടുള്ളതുമാണ്. എല്ലാ കുട്ടികൾക്കും കുത്തിവെപ്പ് നൽകാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമത്തോട് സഹകരിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഐ.എ.പി. സംസ്ഥാന പ്രസിഡന്റ് ഡോ. ഒ. ജോസ്, ഭാരവാഹികളായ ഡോ. ആർ. കൃഷ്ണമോഹൻ, ഡോ. ആനന്ദകേശവൻ, ഡോ. കെ.കെ. ജോഷി, ഡോ. കെ. അക്ബർ സാഹിബ്, ഡോ. സി.പി. ജുമാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.