മുംബൈ: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഷർജീൽ ഇമാമിനെതിരെയുള്ള നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കേന്ദ്രത്തെയും പിന്തുണച്ച് മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേന. ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’യിലാണ് അമിത് ഷായെയും കേന്ദ്രത്തെയും പിന്തുണച്ചുകൊണ്ടുള്ള മുഖപ്രസംഗം വന്നത്. ഷർജീലിനെ ‘കീടം’ എന്നാണു ശിവസേന മുഖപ്രസംഗത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഷർജീലിനെ പോലുള്ള ‘കീടങ്ങളെ’ ഉടൻതന്നെ ഇല്ലായ്മ ചെയ്യണമെന്നും രാജ്യത്തെ ‘വിഘടിക്കാൻ’ ശ്രമിക്കുന്ന അയാളുടെ കൈകൾ വെട്ടിയെടുത്ത ശേഷം അത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഹൈവേകളിൽ പ്രദർശിപ്പിക്കണമെന്നുമാണ് ശിവസേന മുഖപ്രസംഗത്തിലൂടെ പറയുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഇടനാഴിയെ സൂചിപ്പിക്കാനായി ഷർജീൽ തന്നെ ഉപയോഗിച്ച വാക്കായ ‘കോഴി കഴുത്ത്’ എന്ന പദവും ശിവസേന മുഖപ്രസംഗത്തിൽ ഉപയോഗിച്ചു.
‘കോഴി കഴുത്ത് പിടിച്ചെടുക്കാനും ഇന്ത്യയെ വിഘടിക്കാനുമാണ് ഷർജീൽ ആഗ്രഹിച്ചത്. അയാളുടെ കൈകൾ വെട്ടിയെടുത്ത ശേഷം ‘കോഴി കഴുത്തി’ലെ ഹൈവേയിൽ പ്രദർശിപ്പിക്കണം. ഷർജീലിനെ പോലുള്ള കീടങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടൻ തന്നെ ഇല്ലാതാക്കാക്കണം. എന്നാൽ ഷർജീലിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നതിൽ നിന്നും അമിത് ഷാ മാറി നിൽക്കേണ്ടതാണ്. ഷർജീലിനെ പോലുള്ള ആളുകൾ ഉള്ളപ്പോൾ ഡൽഹി തിരഞ്ഞെടുപ്പിൽ പ്രയോഗിക്കാൻ ബി.ജെ.പിക്ക് മറ്റ് വിഷയങ്ങൾ ആവശ്യമില്ല. രാജ്യത്ത് വർഗ ചേരിതിരിവുകൾ സൃഷ്ടിക്കാനും, അവസാനമില്ലാത്ത കലാപം സൃഷ്ടിക്കാനും, ആഭ്യന്തര യുദ്ധം സൃഷ്ടിക്കാനുമുള്ള ഗൂഡാലോചനകൾ രാഷ്ട്രീയ പരീക്ഷണശാലയിൽ നടക്കുകയാണ്. രാജ്യത്തിന്റെ സാമൂഹിക, മത ഐക്യം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.’ ശിവസേന പറയുന്നു.
പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി അസമിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുമുള്ള റോഡുകൾ തടസപ്പെടുത്താൻ ഷർജീൽ അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. രാജ്യമാകെ സമാധാനപരമായി പൗരത്വ നിയമഭേദഗതിക്കെതിരെ സമരം പ്രക്ഷോഭങ്ങൾ നടക്കുന്ന വേളയിലാണ് അതിന് ആഘാതമേൽപ്പിച്ചുകൊണ്ട് ഷർജീൽ രംഗപ്രവേശം ചെയ്തിരിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തുന്നു. ഷർജീലിന്റെ പ്രസ്താവന തീവ്ര വികാരമുണർത്തുന്നവ മാത്രമല്ലെന്നും രാജ്യത്തിനെതിരെയുള്ളതാണ് അവയെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു. ഒരു ഷർജീലിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാൽ ഭാവിയിൽ ഇത്തരം ഷർജീലുമാർ ഉണ്ടാകാതെ നോക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ശിവസേന പറഞ്ഞു.