കാമുകി ദിവ്യയേയും കുഞ്ഞിനെയും മാത്രമല്ല, രണ്ട് പേരെ കൂടി കൊല്ലാൻ മാഹിൻകണ്ണ് പദ്ധതിയിട്ടു; നിർണായക വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്തെ അമ്മയുടെയും കുഞ്ഞിന്റെയും കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ പൂവാർ സ്വദേശി മാഹിൻകണ്ണ് (43) രണ്ട് പേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കൊല്ലപ്പെട്ട ദിവ്യയുടെ അച്ഛനെയും അമ്മയേയും വകവരുത്താനാണ് ഇയാൾ പദ്ധതിയിട്ടത്. ദിവ്യയേയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം അച്ഛനമ്മമാരെ പൂവാറിലെത്തിക്കാൻ പ്രതി ശ്രമിച്ചിരുന്നെന്നാണ് വിവരം. ദിവ്യയുടെ അമ്മ രാധയെ 2011 ഓഗസ്റ്റ് 24ന് രാത്രി ഏഴ് മണിയോടെ മാഹിൻകണ്ണ് വിളിച്ചിരുന്നു.
പൂവാറിലേക്ക് വന്നാൽ മകളെയും കൊച്ചുമകളെയും കാണിച്ചുതരാമെന്ന് പ്രതി രാധയോട് പറഞ്ഞു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം 598 സെക്കന്റ് നീണ്ടുനിന്നു. 2011 ഓഗസ്റ്റ് 18നാണ് പ്രതി ദിവ്യയേയും കുഞ്ഞിനെയും കേരള – തമിഴ്നാട് അതിർത്തിയിൽ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്.
ഭാര്യയും മക്കളുമുള്ള മാഹിൻകണ്ണ് ഇക്കാര്യം മറച്ചുവച്ച് ദിവ്യയെ പ്രണയം നടിച്ച് വശീകരിക്കുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയുമായിരുന്നു. ദിവ്യയുടെ വീട്ടുകാർ വിവാഹത്തിന് നിർബന്ധിച്ചപ്പോൾ രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ഗൾഫിലേക്ക് മുങ്ങിയ ഇയാൾ, പിന്നീട് നാട്ടിലെത്തി ദിവ്യയ്ക്കൊപ്പം താമസിച്ചു. ഇതിനിടയിലാണ് പങ്കാളിക്ക് വേറെ ഭാര്യയും മക്കളുമുള്ള വിവരം ദിവ്യ അറിയുന്നത്.
എന്നിട്ടും മാഹിൻകണ്ണിനെ പിരിയാൻ കൂട്ടാക്കാതിരുന്ന ദിവ്യ തന്നെ രണ്ടാം ഭാര്യയാക്കി കൂടെ താമസിപ്പിക്കണമെന്ന് നിർബന്ധം പിടിച്ചു. എന്നാൽ മാഹിൻകണ്ണിന്റെ ആദ്യ ഭാര്യ റുക്കിയയും കുടുംബവും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ സമ്മർദ്ദത്തിലായ മാഹിൻകണ്ണ് ദിവ്യയെയും കുഞ്ഞിനെയും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.