വിഴിഞ്ഞം അക്രമത്തിനിടെ ഗർഭിണിയെ കൊല്ലുമെന്ന് ഭീഷണി, 50 പേർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: വിഴിഞ്ഞം അക്രമത്തിനിടെ ഗർഭിണിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ 50 പേർക്കെതിരെ കേസെടുത്തു. മുല്ലൂർ സ്വദേശിനിക്ക് നേരെയാണ് ശനിയാഴ്ച നടന്ന സംഘർഷത്തിനിടെ അക്രമികൾ വധഭീഷണി മുഴക്കിയത്. തന്നെ അസഭ്യം വിളിച്ച്, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും, കല്ലെറിയുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുരുതര വകുപ്പുകള് ചുമത്തി കേസ് എടുത്തിരിക്കുന്നത്.മുല്ലൂർ സ്വദേശിനി ഗോപികയാണ് പരാതിക്കാരി. തുറമുഖ സമരത്തിനെതിരെ സംഘടിച്ച ജനകീയ സമിതി പ്രവർത്തകരെ സമരക്കാർ ഓടിക്കുകയും കല്ലെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീടിനുള്ളിൽ നിന്ന് ഗോപിക മോബൈലിൽ പകർത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വഴിഞ്ഞം പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരിൽ ചിലർ, ഗോപികയുടെ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറി ജനൽ ചില്ലുകൾ തകർക്കുകയും അക്രമം ചിത്രീകരിക്കാൻ ശ്രമിച്ച ഗോപികയെ ആക്രമിക്കാനും ശ്രമിച്ചു.എന്നാൽ, ഗോപിക താൻ ഗർഭിണി ആണെന്നും ഉപദ്രവിക്കരുതെന്നും നിലവിളിച്ചു. ഇത് കേട്ട സമരക്കാർ തന്നെയും ഗർഭസ്ഥ ശിശുവിനെയും അസഭ്യം വിളിക്കുകയും കല്ലെറിയുകയും ചെയ്തെന്നും ഒഴിഞ്ഞ് മാറിയത് കൊണ്ട് മാത്രമാണ് തനിക്ക് കല്ലേറിൽ പരിക്ക് ഏൽക്കാതിരുന്നതെന്നും പൊലീസിൽ നൽകിയ പരാതിയിൽ ഗോപിക പറയുന്നു.യുവതിയുടെ പരാതിയെ തുടർന്ന് സംഭവത്തിൽ വധശ്രമം, കലാപം ഉണ്ടാക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം വിളിക്കൽ, വീടിനുള്ളിൽ അതിക്രമിച്ചു കടക്കൽ, മുതലുകൾ നശിപ്പിക്കൽ ഉൾപ്പടെ നിരവധി വകുപ്പുകൾ ചുമത്തിയാണ് വിഴിഞ്ഞം പൊലീസ് സമരക്കാർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.