ലാപിഡിന്റെ വാക്കുകളെ ന്യായീകരിക്കാനാകില്ല, ഇന്ത്യയോട് മാപ്പ് ചോദിക്കുന്നു; “കാശ്മീർ ഫയൽസ്” വിവാദത്തിൽ പ്രതികരണവുമായി ഇസ്രയേൽ അംബാസിഡർ
കാശ്മീർ ഫയൽസ്’ എന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്ഐ) ഉൾപ്പെടുത്തിയതിനെ ജൂറി ചെയർമാനും ഇസ്രയേലി ചലച്ചിത്രകാരനുമായ നാദവ് ലാപിഡ് വിമർശിച്ചത് ചർച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ നാഒർ ഗിലോൺ.
ഈ ചിത്രത്തെ പ്രചാരവേലയെന്നും അശ്ലീലമെന്നും വിശേഷിപ്പിച്ച ലാപിഡ്, ചലച്ചിത്രമേളയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ച ഇന്ത്യയെ അപമാനിച്ചുവെന്ന് അംബാസിഡർ പ്രതികരിച്ചു. താനൊരു ചലച്ചിത്ര വിദഗ്ദനല്ല. എന്നിരുന്നാലും ചരിത്ര സംഭവങ്ങളെപ്പറ്റി ആഴത്തിൽ അറിവില്ലാതെ സംസാരിക്കുന്നത് മര്യാദ കേടാണെന്ന് തനിക്കറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലാപിഡിന്റെ വാക്കുകളെ ന്യായീകരിക്കാനാകില്ല. കാശ്മീർ ഫയൽസ് ഇപ്പോഴും ഇന്ത്യയ്ക്കൊരു മുറിവാണ്. ഇന്ത്യയോട് മാപ്പ് ചോദിക്കുന്നു. ജൂതവംശഹത്യയേയും അത് പ്രമേയമാക്കിയുള്ള സിനിമയേയും ലാപിഡ് സംശയിക്കുന്നുവെന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് പല കോണിൽ നിന്നും വരുന്നത്. അത് തന്നെ വേദനപ്പിക്കുന്നുവെന്നും നാഒർ ഗിലോൺ വ്യക്തമാക്കി.
അതേസമയം, ലാപിഡിന്റെ പരാമർശം വ്യക്തിപരമാണെന്ന് ജൂറി ബോർഡും പ്രതികരിച്ചിട്ടുണ്ട്. മേളയിലെ പതിനഞ്ചാമത്തെ ചിത്രമായ ‘ദി കാശ്മീർ ഫയൽസ്’ തങ്ങളെ അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്നും, ഇത്തരമൊരു അപരിഷ്കൃതമായ സിനിമ എങ്ങനെ മേളയിലേക്ക് വന്നെന്ന് ചിന്തിച്ചുവെന്നുമായിരുന്നു ലാപിഡ് പറഞ്ഞത്.