‘എന്നെ തല്ലാന്‍ പറ്റാത്തതിന് അവനെ തല്ലിത്തുടങ്ങി’- ഞെട്ടല്‍ മാറാതെ കോട്ടയത്തെ വിദ്യാര്‍ഥിനി
കോട്ടയം: മറക്കാന്‍ ആഗ്രഹിക്കുന്ന സംഭവമാണ് കഴിഞ്ഞദിവസം ഉണ്ടായതെന്ന് കോട്ടയത്ത് മര്‍ദനത്തിനിരയായ കോളേജ് വിദ്യാര്‍ഥിനി. ശാരീരികമായും മാനസികമായും നേരിട്ട ആഘാതം ഇതുവരെയും വിട്ടുമാറിയിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനാണ് കൂടുതല്‍ പരിക്കേറ്റിട്ടുള്ളതെന്നും വിദ്യാര്‍ഥിനി പ്രതികരിച്ചു.
‘ഞാന്‍ ആ സമയത്ത് അവിടെ ഇരുന്നതെല്ലാമാണ് അവരെ പ്രകോപിപ്പിച്ചത്. കൂടുതലും എന്നെ ഫോക്കസ് ചെയ്തായിരുന്നു അവരുടെ കമന്റടി. മോശമായി പെരുമാറി. തെറിവിളിച്ചു. എന്നെയാണ് അവര്‍ കളിയാക്കിയത്. ഞാന്‍ പോടാ എന്ന് വിളിച്ച് പ്രതികരിച്ചതോടെ അവര്‍ തല്ലാന്‍ തുടങ്ങി. എന്നെ തല്ലാന്‍ പറ്റാത്തതിന് അവനെയാണ് തല്ലിത്തുടങ്ങിയത്. ഞങ്ങള്‍ ആരാണെന്നാ വിചാരം എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി. മെയിന്‍ റോഡിലായിരുന്നു എല്ലാം. പത്തുമിനിറ്റോളം ഇത് നീണ്ടുനിന്നു. അവസാനമാണ് പോലീസ് വന്നത്. എന്റെ തലയ്ക്കും വയറിനും നല്ല വേദനയുണ്ട്. മനസ്സും ശരീരവും ഇതുവരെ ഓക്കെ അല്ല. സുഹൃത്തിനാണ് കൂടുതല്‍ പരിക്കേറ്റിട്ടുള്ളത്’- പെണ്‍കുട്ടി പറഞ്ഞു. കഴിഞ്ഞദിവസം ആക്രമണം നടത്തിയ സംഘം കോളേജിലെ മറ്റൊരു കുട്ടിയെ പിറകെനടന്ന് ശല്യപ്പെടുത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടി ആരോപിച്ചു.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് കോട്ടയം നഗരമധ്യത്തില്‍ കോളേജ് വിദ്യാര്‍ഥികളായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും നേരേ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്. സ്കൂട്ടറില്‍ പോവുകയായിരുന്ന വിദ്യാര്‍ഥികളെ കാറില്‍ പിന്തുടര്ന്നെത്തിയ മൂന്നംഗസംഘം വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു.
വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സഹപാഠിക്ക് വസ്ത്രങ്ങള്‍ നല്‍കാനായാണ് വിദ്യാര്‍ഥികളായ രണ്ടുപേരും സ്കൂട്ടറില്‍ നഗരത്തിലെത്തിയത്. തുടര്‍ന്ന് ഇരുവരും നഗരത്തിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഇതിനിടെയാണ് മൂന്നംഗസംഘം ഇരുവര്‍ക്കും നേരേ അശ്ലീലകമന്റടി ആരംഭിച്ചത്. വിദ്യാര്‍ഥികളെ അസഭ്യം പറഞ്ഞ സംഘം, പെണ്‍കുട്ടിക്ക് നേരേ അശ്ലീലആംഗ്യം കാണിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് തട്ടുകടയില്‍നിന്ന് സ്കൂട്ടറില്‍ മടങ്ങിയ വിദ്യാര്‍ഥികളെ മൂന്നംഗസംഘം കാറില്‍ പിന്തുടര്ന്നെത്തി വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
പ്രതികളായ മൂന്നുപേരും ചേര്‍ന്ന് വിദ്യാര്‍ഥികളെ റോഡിലിട്ട് മര്‍ദിച്ചു. റോഡില്‍ വീണ പെണ്‍കുട്ടിയെ ഇവര്‍ വീണ്ടും ആക്രമിച്ചു. തുടര്‍ന്ന് നാട്ടുകാരും നഗരത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘവും എത്തിയാണ് വിദ്യാര്‍ഥികളെ രക്ഷിച്ചത്. പ്രതികളായ മൂന്നുപേരെയും കൈയോടെ പിടികൂടുകയും ചെയ്തു.
കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഷബീര്‍, മുഹമ്മദ് അസ്ലം, അഷ്കര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്ന് കോട്ടയം വെസ്റ്റ് പോലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.