സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം, അവധിയിലുള്ള പൊലീസുകാരെ തിരികെ വിളിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം നല്കി. എല്ലാ ജില്ലകളിലും പൊലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശം.
അവധിയിലുള്ള പൊലീസുകാർ തിരിച്ചെത്തണം എന്നും നിര്‍ദ്ദേശമുണ്ട്. തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഴുവൻ പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിര്‍ദ്ദേശം നല്‍കിയിരുക്കുന്നത്. ഡിഐജിമാരും ഐജിമാരും നേരിട്ട് കാര്യങ്ങൾ നിരിക്ഷിക്കണം എന്നാണ് എഡിജിപിയുടെ നിർദ്ദേശം. അതേസമയം, വിഴിഞ്ഞത്ത് കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്.
അതിനിടെ, വിഴിഞ്ഞത്തെ സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഡിഐജിക്ക് കീഴിൽ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘർഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവർ നടത്തും. ഡിസിപി അജിത്കുമാർ, കെ ഇ ബൈജു, മധുസൂദനൻ എന്നിവർ സംഘത്തിലുണ്ട്