തിങ്കളാഴ്ച അറസ്റ്റിലായത് സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതികളിലൊരാൾ; കേസിൽ ജയിലിൽ കഴിയുന്നത് 4 പേർ; 5 പേർ ജാമ്യത്തിൽ
കാസര്‍കോട്: പ്രവാസിയായ സീതാംഗോളി മുഗുവിലെ അബൂബകർ സിദ്ദീഖിന്റെ (32) കൊലപാതക കേസിൽ തിങ്കളാഴ്ച അറസ്റ്റിലായത് സംഭവത്തിന് ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതികളിലൊരാൾ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ മുഹമ്മദ് ശുഐബ് (26) ആണ് കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായത്. ബേക്കൽ ഡിവൈഎസ്പി സികെ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
ശുഐബിനെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കാൻ ഉള്ളതിനാൽ പൊലീസ് ഫോടോ പുറത്ത് വിട്ടിട്ടില്ല. കേസിൽ ഇതുവരെ ഒമ്പത് പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിൽ അഞ്ച് പേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. നാല് പേരാണ് ഇപ്പോൾ ജയിലിൽ കഴിയുന്നത്.
ഈ വർഷം ജൂൺ 26നാണ് അബൂബകർ സിദ്ദീഖിനെ ക്വടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. പൈവളിഗെയിലെ ആളൊഴിഞ്ഞ സ്ഥലത്തുള്ള വീട്ടിൽ മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബന്തിയോട്ടെ ആശുപത്രിയിൽ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. ക്രൂര മര്‍ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്ടം റിപോർടും വ്യക്തമാക്കുന്നു.
തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സിദ്ദീഖിന്റെ ജ്യേഷ്ഠന് അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ചതായും കേസ് നിലവിലുണ്ട്. സംഭവത്തിൽ അധോലോക സംഘത്തിന് ക്വടേഷന്‍ ഏല്പിച്ചതായി പറയുന്നവരെയും ക്വടേഷന്‍ സംഘാംഗങ്ങളെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 19 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എന്നാൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവരിൽ പലരും വിദേശത്ത് ഒളിവിൽ ആണെന്നാണ് പൊലീസ് പറയുന്നത്.