വീട്ടിലെ ജോലിക്കാരിക്ക് നൽകിയത് നാല് ലക്ഷവും സ്വർണ വളയും; മരുമകളെ പുകഴ്ത്തി വിഘ്നേഷ് ശിവന്റെ അമ്മ
മരുമകൾ നയൻതാരയെയും മകനെയും പുകഴ്ത്തി വിഘ്നേഷ് ശിവന്റെ അമ്മ മീന കുമാരി. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയും കരുതലുമുള്ള സ്ത്രീ നയൻതാരയാണെന്നാണ് മീനാ കുമാരി പറയുന്നത്. ബുദ്ധിമുട്ട് പറഞ്ഞ് ആരെത്തിയാലും അവരെ സഹായിക്കാൻ ഒരു മടിയും കാണിക്കാത്തവളാണ് നയൻതാര എന്നും മീനാ കുമാരി പറഞ്ഞു. ഹാപ്പി മെയ്ഡ്സ് സ്കിൽ ഡെവലപ്മെന്റ് സെന്റർ ഉദ്ഘാടന വേളയിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സാമൂഹിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു അവർ.
എന്റെ മകൻ വിഘ്നേഷും മരുമകൾ നയൻതാരയും കഠിനാധ്വാനികളാണ്. നയൻതാരയുടെ വീട്ടിൽ എട്ട് ജോലിക്കാരുണ്ട്. നാല് സ്ത്രീകളും നാല് പുരുഷന്മാരും. ഒരിക്കൽ അവരിലൊരു സ്ത്രീ അവർക്ക് നാല് ലക്ഷം രൂപയുടെ കടം ഉണ്ടെന്നും അതിനാൽ ജീവിതം ദുരിതത്തിലാണെന്നും നയൻതാരയോട് പറഞ്ഞു. ഉടൻ തന്നെ അത്രയും തുക നൽകിയിട്ട് കടങ്ങളെല്ലാം തീർക്കാൻ അവരോട് പറഞ്ഞു.
ഒരു വീട്ടുജോലിക്കാരിക്ക് ഇത്രയും തുക പെട്ടെന്ന് എടുത്തു നൽകണമെങ്കിൽ അവർക്ക് വിശാലമായ ഒരു ഹൃദയവും മനസ്സലിവും ഉണ്ടായിരിക്കണം. മാത്രമല്ല ആ സ്ത്രീയും അതിനർഹയാണ്. കാരണം രണ്ട് മൂന്ന് വർഷമായി ആ വീട്ടിൽ ആത്മാർഥമായി ജോലി എടുക്കുന്നവരാണ് അവർ. ഒരിക്കൽ നയൻതാരയുടെ അമ്മ സ്വന്തം കയ്യിലെ സ്വർണവള അവർക്ക് ഊരി നൽകിയിരുന്നു. പരസ്പര വിശ്വാസത്തിന്റെ ഉദാഹരണമായി പറഞ്ഞതാണ് ഇക്കാര്യം. ഒരിടത്ത് നമ്മൾ ആത്മാർഥമായി ജോലി നോക്കുകയാണെങ്കിൽ നമ്മുടെ വിഷമഘട്ടങ്ങളിൽ തീർച്ചയായും ആരെങ്കിലും സഹായിക്കാനുണ്ടാകും.’- മീനാ കുമാരി പറഞ്ഞു.