കമന്റടിച്ചത് ചോദ്യം ചെയ്തു; കോട്ടയത്ത് കോളേജ് വിദ്യാർത്ഥിനിക്കും സുഹൃത്തിനും നേരെ ആക്രമണം
കോട്ടയം: കോട്ടയം നഗരത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി പത്തരയോടെ സെൻട്രൽ ജംഗ്ഷന് സമീപമാണ് ആക്രമണമുണ്ടായത്. കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും താഴത്തങ്ങാടി സ്വദേശികളായ മൂന്നംഗ സംഘം ആക്രമിച്ചത്. പെൺകുട്ടിയെ ചവിട്ടാൻ ശ്രമിക്കുന്നതിന്റെ ഉൾപ്പെടെയുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.അപകടത്തിൽപ്പെട്ട് കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ കണ്ടശേഷം പുറത്തിറങ്ങി ഭക്ഷണം കഴിക്കുന്നതിനിടെ ഒരു സംഘം യുവാക്കൾ പെൺകുട്ടിയോട് മോശമായി സംസാരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരിലാണ് മൂന്ന് ചെറുപ്പക്കാരടങ്ങുന്ന സംഘം പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമിച്ചത്. ഉടൻ തന്നെ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ പൊലീസെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ഇവർ കോട്ടയം വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിലാണ്. പ്രതികൾക്കെതിരെ കേസെടുത്തെന്നാണ് പൊലീസ് പറയുന്നത്.