എസ് ഐയെ അടിച്ചത് തടിക്കഷ്ണത്തിൽ ആണി തറച്ച്, സ്റ്റേഷൻ നിയന്ത്രണം ഏറ്റെടുത്തതോടെ സമരക്കാർ വ്യാപാര സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിച്ചു
തിരുവനന്തപുരം : വിഴിഞ്ഞത്ത് ഞായറാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 70 പേരാണ് ചികിത്സതേടിയത്. ഇതിൽ 31 പേരും പൊലീസുകാരാണ്. 38 പ്രദേശവാസികളും ഒരു മാദ്ധ്യമപ്രവർത്തകനും ആശുപത്രിയിലെത്തി. പ്രദേശവാസികളിൽ കുറച്ചു പേർ ഇന്നലെയാണ് ചികിത്സതേടിയത്. ഇതിൽ 22 പേരെ ഡിസ്ചാർജ് ചെയ്തു.സംഘർഷത്തിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റ പ്രൊബേഷൻ എസ്.ഐ ലിജു പി.മണിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്രമികൾ ആണി തറച്ച തടികഷ്ണം ഉപയോഗിച്ചാണ് ലിജുവിന്റെ വലുതകാലിൽ അടിച്ചത്. അടിയുടെ ആഘാതത്തിൽ ആണി കാലിൽ തുളച്ചുകയറി എല്ല് പൊട്ടി. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നാണ് വിവരം. മെഡിക്കൽ കോളേജിൽ അടിയന്തരസാഹചര്യം കണക്കിലെടുത്ത് എല്ലാവർക്കും ചികിത്സ ഉറപ്പാക്കാനും ഏകോപിപ്പിക്കാനും ആശുപത്രിയിലെ 22ാം വാർഡ് ഞായറാഴ്ച രാത്രി തന്നെ തുറന്നു. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഐ.സി.യുവും സജ്ജമാക്കി. ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെയുള്ളവ ക്രമീകരിച്ചിട്ടുണ്ട്.മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങളൊരുക്കണമെന്ന് ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഭീതിയോടെ വ്യാപാരികൾപരിസരപ്രദേശങ്ങളിലെ ഭൂരിപക്ഷം കടകളും ഇന്നലെ അടച്ചിട്ടു. ചില കടകൾ മാത്രം സമരാനുകൂലികൾ തെരഞ്ഞുപിടിച്ച് ആക്രമിച്ചെന്നാണ് ആക്ഷേപം. സംഘർഷം ഭയന്ന് ഷട്ടറിട്ട കടകളുടെ പൂട്ടുകൾ പലതും പൊട്ടിച്ചു. സ്റ്റേഷന് സമീപത്തുള്ള തട്ടുകടയിലെ കസേരകൾ നശിപ്പിച്ചു. ടിയർ ഗ്യാസ് പൊട്ടിച്ചതിന്റെ അസ്വസ്ഥതകളും പല വ്യാപാരികളും പങ്കുവച്ചു. ഇനി സംഘർഷമുണ്ടായാൽ സംഘടിച്ച് ചെറുക്കാനാണ് ഇവരുടെ തീരുമാനം.ആനവണ്ടികൾക്കും കിട്ടി കല്ലേറ്ഞായറാഴ്ച രാത്രി വിഴിഞ്ഞം ബസ് സ്റ്റാൻഡിൽ നിന്ന് കാട്ടാക്കടയിലേക്ക് പുറപ്പെടാനിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ നടന്ന ആക്രമണത്തിൽ മുൻവശത്തെ ചില്ലുകൾ തകർന്നു. പൂവാർ ഡിപ്പോയിലെ ബസിനുനേരെയും ആക്രമണമുണ്ടായി. സംഘർഷവിവരം ലഭിച്ചതിനെത്തുടർന്ന് രാത്രി വൈകി വിഴിഞ്ഞം ഡിപ്പോയിലേക്ക് വന്നുകൊണ്ടിരുന്ന ബസുകൾ പിന്നീട് പാപ്പനംകോട് ഡിപ്പോയിലേക്ക് വഴിതിരിച്ചുവിട്ടു.