കാസർകോട്: പ്രായമായവര്‍ക്ക് ദിവസവും ഒന്നിച്ചുകൂടാനും സമയം ചിലവഴിക്കാനുമായി പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച പകല്‍വീട് ഫെബ്രുവരി 8ന് റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് ഉദ്ഘടനം ചെയ്യും. പനത്തടിയില്‍ പരപ്പ ബ്ലോക്ക് വാങ്ങിയ 20 സെന്റ് സ്ഥലത്ത് 20 ലക്ഷം ചിലവിലാണ് പകല്‍ വീട് നിര്‍മ്മിച്ചിരിക്കുന്നത്. അടുക്കളയും ഹാളും ശുചിമുറിയും ചേര്‍ന്നതാണ് കെട്ടിടം. പകല്വീട്ടിലെത്തുന്നവര്ക്കായി വിശാലമായ മുറ്റവും ആവശ്യമായ ഇരിപ്പിടങ്ങളും,മേശയും,വിനോദത്തിനായി കാരംസ് ബോര്‍ഡ്, ചെസ് ബോര്‍ഡ്, ടെലിവിഷന്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. അടുക്കളയില്‍ പാചകം ചെയ്യാന്‍ ഗ്യാസും പാത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനാകുന്ന പകല്‍ വീട് ക്ഷേമസമിതിയില്‍ ഒരു ഡോക്ടറടെ സേവനവും ലഭിക്കും. പരപ്പ ബ്ലോക്കില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന രണ്ടാമത്തെ പകല്‍ വീടാണിത്. ആദ്യത്തെ പകല്‍ വീട് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ സായംപ്രഭ ഹോമുകളാക്കി മാറ്റാവുന്ന വിധത്തിലാണ് ഈ പകല്‍ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന് പറയുന്നു.
ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പനത്തടിയിലെ പകല്‍വീടിനോട് ചേര്‍ന്ന് ഭിന്നശേഷി പരിശീലന കേന്ദ്രവും നിര്‍മ്മിച്ചിട്ടുണ്ട്. ബ്ലോക്കിലെ ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്കൊരു വരുമാന മാര്‍ഗം നല്‍കാനും ലക്ഷ്യമിടുന്ന പദ്ധതിയില്‍ തുണി സഞ്ചി, പേപ്പര്‍ ബാഗ്, പേപ്പര്‍ പേന തുടങ്ങിയവയുടെ പരിശീലനവും നിര്‍മ്മാണവും നടക്കും. ഇതിനായുള്ള പരിശീലനവും സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയും ബ്ലോക്ക് പഞ്ചായത്തിനാണ.് ആദ്യ ഘട്ടത്തില്‍ 21 പേര്‍ക്കാണ് പരിശീലനം നല്‍കുക.