വിഴിഞ്ഞം പോലീസ് വലയത്തില്‍: ഇന്ന് സമാധാന ചര്‍ച്ച, തീരദേശത്താകെ ജാഗ്രതാ നിര്‍ദേശം
ആർച്ച് ബിഷപ്പിനെ പ്രതിയാക്കിയത് അംഗീകരിക്കില്ലെന്ന് ലത്തീൻ രൂപത
വിഴിഞ്ഞം പോലീസ് സ്റ്റേഷനും വാഹനങ്ങളും സമരക്കാർ അടിച്ചു തകർത്ത നിലയിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് വന്‍സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ തീരദേശത്താകെ പോലീസിന്റെ ജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം ജില്ലയില്‍നിന്ന് എല്ലാ സ്റ്റേഷനുകളിലെയും പോലീസുകാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഇതു കൂടാതെ ഡിസംബര്‍ അഞ്ചുവരെ എറണാകുളം വരെയുള്ള പോലീസ് ജില്ലയില്‍ നിന്ന് 150 പേരെ വീതം വിഴിഞ്ഞത്ത് വിന്യസിക്കും. ഇതു കൂടാതെ അടൂര്‍, റാന്നി എ.ആര്.ക്യാമ്പിലുള്ള പോലീസുകാരെയും ഇവിടേക്ക് വിളിപ്പിച്ചിട്ടുണ്ട്. തീരദേശ പോലീസ് അടക്കം സജ്ജരായിരിക്കാനാണ് നിര്‍ദേശം. മറ്റ് ജില്ലകളില്‍ നിന്ന് വിഴിഞ്ഞത്തേക്ക് കൂടുതല്‍ പോലീസിനെ എത്തിക്കും. കൂടുതല്‍ എസ്.പി.മാരും ഡിവൈ.എസ്.പി.മാരെയും വിഴിഞ്ഞം ക്രമസമാധാനത്തിനായി നിയോഗിച്ചു.
ഇന്നും സമാധാന ചര്‍ച്ച
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണ വിഷയത്തിൽ സമാധാന ചർച്ച തിങ്കളാഴ്ചയും തുടരും. ഉച്ചയ്ക്കു ശേഷം കലക്ടറുടെ ചേംബറിലാണ് ചർച്ച. വൻ സംഘർഷത്തെ തുടർന്ന് ഞായറാഴ്ച രണ്ടു ഘട്ടങ്ങളിലായി ചർച്ച നടന്നു. ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ എന്നിവരാണ് സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേരയുമായി കോർപ്പറേഷന്റെ വിഴിഞ്ഞം മേഖല ഓഫിസിൽ ഞായറാഴ്ച രാത്രി പത്തരയ്ക്കു ശേഷം ചർച്ച നടത്തിയത്. തിങ്കളാഴ്ച രാവിലെ സർവകക്ഷിയോഗം ചേരുമെന്ന് കളക്ടർ ജെറോമിക് ജോർജ് പറഞ്ഞു. നിലവിൽ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കളക്ടർ പറഞ്ഞു.
ഇപ്പോഴത്തെ പ്രശ്നം അവസാനിച്ചെന്നും, വിഴിഞ്ഞത്ത് തടിച്ചു കൂടിയിരിക്കുന്നവർ പിരിഞ്ഞു പോകുമെന്നും സമരസമിതി പ്രവർത്തകർക്കെതിരെ എടുത്ത കേസുകളെക്കുറിച്ച് തുടർ ചർച്ചകൾ നടത്താമെന്നും ബന്ധപ്പെട്ടവരുമായി സംസാരിച്ചിട്ടുണ്ടെന്ന് മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു. ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമായില്ല. ചർച്ച തുടരും. സമിതി പ്രവർത്തകർക്കെതിരെ എടുത്ത കേസുകളുടെ കാര്യത്തിൽ തീരുമാനമായില്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കണമെന്നും പ്രകോപനത്തിന്റെ ആദ്യഘട്ടം അന്വേഷിക്കണമെന്നും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ ആവശ്യപ്പെടുമെന്നു യൂജിൻ എച്ച്. പെരേര പറഞ്ഞു. വിഴിഞ്ഞത്ത് രാവിലെ 8.30 ന് തീരനിവാസികളുമായും, തുടർന്ന് 10.30 ന് അതിരൂപത പ്രതിനിധികളുമായും ചർച്ച നടത്തും. തുടർന്നാണ് കളക്ടറുമായി ചർച്ച നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയെ അറിയിക്കും-എ.ഡി.ജി.പി
തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പുതിയ കേസ് എടുക്കമെന്ന് എ.ഡി.ജി.പി എം.ആർ.അജിത് കുമാർ പറഞ്ഞു.
നിലവിൽ ക്രമസമാധനാനില പുനസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഹൈക്കോടതി ഉത്തരവ് മറികടന്ന സാഹചര്യത്തിലാണ് ആർച്ച്ബിപ്പിനെതിരേ കേസ് എടുത്തത്. പോലീസ് ആവശ്യത്തിന് സുരക്ഷയൊരുക്കിയിരുന്നു.
സുരക്ഷാസേനയുടെ കുറവുകൊണ്ടല്ല പ്രശ്നമുണ്ടായത്. വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തൽ തത്കാലം പൊളിച്ചു നീക്കില്ല. വിഴിഞ്ഞത്തുണ്ടായ സംഭവം ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതി സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും എ.ഡി.ജി.പി പറഞ്ഞു.
വിഴിഞ്ഞത്ത് ഒരാഴ്ച മദ്യനിരോധനം
തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യക്കടകളുടെ പ്രവര്‍ത്തനം നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാലു വരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പില്‍ പറയുന്നു.
സംഘർഷത്തിന് അയവ്
വിഴിഞ്ഞത്ത് നിലവിൽ സംഘർഷത്തിന് അയവുണ്ടെന്ന് എ.ഡി.ജി.പി. എം.ആർ.അജിത് കുമാർ പറഞ്ഞു. പോലീസ് സംഭവം നിരീക്ഷിച്ചു വരികയാണ്. കൂടുതൽ പോലീസുകാരെ വിന്യസിച്ചു. അക്രമമുണ്ടാക്കിയവർ ഒരു സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പോലീസ് തയ്യാറെടുപ്പ് എടുത്തിട്ടുണ്ട്.
36 പോലീസുകാർക്കാണ് പരിക്കേറ്റത്. ഒരു പോലീസുകാരന്റെ കാലിന് കട്ടകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.