ചിത്രം പകർത്താൻ ശ്രമിക്കവെ ഫോട്ടോഗ്രാഫർക്ക് നേരെ പാഞ്ഞടുത്ത് കടുവ, തൊട്ടടുത്ത നിമിഷം അത് സംഭവിച്ചില്ലായിരുന്നെങ്കിൽ…
കാടും കാട്ടുമൃഗങ്ങളും ചിലർക്ക് വലിയൊരു ഹരമാണ്. കാടിന്റെ സ്പന്ദനം അറിയുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനും ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചർ നിരവധിയാണ്. പ്രശസ്തരായ വന്യജീവി ഫോട്ടോഗ്രാഫർമാരുടെ പല ചിത്രങ്ങളും ജീവസുറ്റതാകുന്നത് ആ താൽപര്യം കൊണ്ടുതന്നെയാണ്. വളരെയേറെ ക്ഷമയും ശ്രദ്ധയും കരുതലുമൊക്കെ ആവശ്യമുണ്ടതിന്. പലപ്പോഴും നമ്മൾ കാണാറുള്ള ചിത്രങ്ങളിലെ ആനയും, കടുവയും, പുലിയുമൊക്കെ പെട്ടെന്നൊരു നിമിഷത്തിൽ ഫോട്ടോഗ്രാഫർക്കു മുന്നിൽ വന്നുനിൽക്കുന്നതല്ല. ചിലപ്പോൾ ദിവസങ്ങൾ തന്നെ വേണ്ടിവന്നേക്കും അത്തരമൊരു സ്റ്റില്ലിനു വേണ്ടി. മറ്റുചിലപ്പോൾ അപ്രതീക്ഷിതമായി അവ മുന്നിലേക്ക് വന്നുവെന്നും വരാം.അത്തരത്തിലൊരു നിമിഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുരേന്ദർ മെഹ്റ. കാട്ടിൽ അഡ്വഞ്ച്വർ സഫാരിക്കെത്തിയ വിദേശിയരുടെ നേർക്ക് കടുവ പാഞ്ഞടുത്തതായിരുന്നു സംഭവം. തുറന്ന ജീപ്പിൽ കാട് കാണാൻ എത്തിയ സഞ്ചാരകളിലൊരാൾ കടുവയുടെ ചിത്രം പകർത്തുകയായിരുന്നു. പെട്ടെന്ന് നിറുത്തിയിട്ടിരുന്ന ജീപ്പിനെ ലക്ഷ്യമാക്കി അലറിക്കൊണ്ട് കടുവ പാഞ്ഞടുത്തു. എന്നാൽ പെട്ടെന്ന് തന്നെ ഡ്രൈവർ ജീപ്പ് മുന്നോട്ടെടുത്തു. പക്ഷേ ആരെയും ആക്രമിക്കാതെ കടുവ പിന്നോട്ടു പോവുകയായിരുന്നു.