മീറ്റര്‍ കേബിള്‍ അഴിച്ചിട്ട് ടെസ്റ്റ് ഡ്രൈവ്, എത്ര ഓടിയാലും പൂജ്യം കി.മീ; കനത്ത പിഴയിട്ട് എം.വി.ഡി
പെരുവന്താനം: ഉപഭോക്താവിനെ പരിചയപ്പെടുത്താന്‍ എത്തിച്ച കാറിന്റെ സ്പീഡോമീറ്റര്‍ കേബിള്‍ ഊരിമാറ്റിയ നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് പിഴ ചുമത്തി.
കാഞ്ഞിരപ്പള്ളിയിലെ വിപണനകേന്ദ്രത്തില്‍നിന്ന് കുമളിയിലുള്ള ഉപഭോക്താവിനെ പരിചയപ്പെടുത്തിയശേഷം മടങ്ങിയ വാഹനമാണ് മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധനയില്‍ പിടിയിലായത്. കോട്ടയത്തുനിന്ന് ഓടിയെത്തി മടങ്ങിയ വാഹനത്തിന്റെ സ്പീഡോമീറ്റര്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കേബിള്‍ ബന്ധം വിച്ഛേദിച്ചതായി കണ്ടെത്തിയത്. മോട്ടോര്‍വാഹന നിയമലംഘന ശിക്ഷാ നിയമപ്രകാരം 1,03,000 രൂപ പിഴ ചുമത്തിയശേഷം വാഹനം വിട്ടുനല്‍കി.
കിലോമീറ്ററുകള്‍ ഓടിയ വാഹനം പുതിയ വാഹനമെന്ന നിലയില്‍ ഉപഭോക്താവിന് നല്‍കുന്നത് നിയമവിരുദ്ധവും വഞ്ചനയുമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മോട്ടോര്‍വാഹന വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് എം.വി.ഐ. വി.അനില്‍കുമാര്‍, എ.എം.വി.ഐ. എസ്.എന്‍.അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്.