ചോക്ലേറ്റ് തൊണ്ടയിൽ കുടുങ്ങി; എട്ട് വയസുകാരന് ദാരുണാന്ത്യം
വാറങ്കൽ: ചോക്ലേറ്റ് തൊണ്ടിൽ കുടുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം. തെലങ്കാന വാറങ്കലിലെ പിന്നവാരി സ്ട്രീറ്റിലാണ് സംഭവം. കുൻവർ സിംഗ്- ഗീത ദമ്പതികളുടെ നാല് മക്കളിൽ രണ്ടാമത്തെ കുട്ടിയായ സന്ദീപാണ് മരിച്ചത്.
ഓസ്ട്രേലിയയിൽ ഇലക്ട്രിക്കൽ ഷോപ്പ് നടത്തുന്ന സിംഗ് അടുത്തിടെയാണ് നാട്ടിലെത്തിയത്. അവിടെ നിന്ന് സിംഗ് മക്കൾക്ക് ചോക്ലേറ്റ് കൊണ്ടുവന്നിരുന്നു. ശനിയാഴ്ച സ്കൂളിലേയ്ക്ക് പോയ കുട്ടികൾക്ക് ഗീത ചോക്ലേറ്റ് കൊടുത്തുവിട്ടു. പിന്നവാരി സ്ട്രീറ്റിലെ ഒരു സ്വകാര്യ സ്കൂളിലാണ് കുട്ടികൾ പഠിക്കുന്നത്. ഒന്നാം നിലയിലെ ക്ലാസ് മുറിയിലേയ്ക്ക് പോകാനായി പടികൾ കയറുന്നതിനിടെ സന്ദീപ് ചോക്ലേറ്റ് കഴിച്ചു. തുടർന്ന് ചോക്ലേറ്റ് തൊണ്ടയിൽ കുടുങ്ങിയതോടെ കുട്ടി കുഴഞ്ഞുവീണു. സഹപാഠികൾ അറിയിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.