ഹാമില്ട്ടണ്: സൂപ്പര്‍ ഓവറില്‍ ‘സൂപ്പറായി’ വിജയിച്ച് ന്യൂസീലന്‍ഡ് മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ. 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന്റെ പോരാട്ടം 179 റണ്‍സില്‍ അവസാനിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. സൂപ്പര്‍ ഓവറില്‍ ന്യൂസീലന്‍ഡിനായി ക്രീസിലെത്തിയത് മാര്ട്ടിന് ഗപ്റ്റിലും കെയ്ന്‍ വില്ല്യംസണും. ഇരുവരും ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ നേടിയത് 17 റണ്‍സ്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 18 റണ്‍സ് ആയി.
ഈ ലക്ഷ്യത്തിലേക്ക് ഇന്ത്യക്കായി ക്രീസിലെത്തിയത് രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും. ന്യൂസീലന്‍ഡിന്റെ ഓവര്‍ എറിയാനെത്തിയത് ടിം സൗത്തി. ആദ്യ പന്തുകളില്‍ മുട്ടിക്കളിച്ചതോടെ ഇന്ത്യക്ക് അസാന രണ്ട് പന്തില്‍ വിജയിക്കാന്‍ 10 റണ്‍സ് വേണമെന്നായി. എന്നാല്‍ രോഹിത് വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. സൗത്തിയുടെ അഞ്ചും ആറും പന്തുകള്‍ സിക്സിലേക്ക് പായിച്ച് രോഹിത് ഇന്ത്യയുടെ സൂപ്പര്‍ മാന്‍ ആയി. ഇന്ത്യക്ക് ചരിത്ര വിജയം, ന്യൂസീലന്‍ഡ് മണ്ണില്‍ ആദ്യ ട്വന്റി-20 പരമ്ബര. അഞ്ചു ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്ബരയിലെ ആദ്യ രണ്ട് ട്വന്റി-20യിലും ഇന്ത്യ വിജയിച്ചിരുന്നു.
അവസാന ഓവറില്‍ ഒമ്ബത് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ന്യൂസീലന്‍ഡിനെ മുഹമ്മദ് ഷമി പിടിച്ചുകെട്ടി. എട്ടു റണ്‍സെടുക്കാനെ കിവീസിന് കഴിഞ്ഞുള്ളു. ആദ്യ പന്തില്‍ റോയ് ടെയ്ലര് സിക്സ് അടിച്ചെങ്കിലും മൂന്നാം പന്തില്‍ കെയ്ന്‍ വില്ല്യംസണെ പുറത്താക്കി ഷമി ഇന്ത്യക്ക് പ്രതീക്ഷ നല്കി. കെ.എല്‍ രാഹുലിന്റെ ക്യാച്ചില്‍ പുറത്താകുമ്ബോള്‍ വില്ല്യംസണ് നേടിയത് 48 പന്തില്‍ 95 റണ്‍സ്. പിന്നീട് ക്രീസിലെത്തിയ ടിം സെയ്ഫേര്‍ട്ട് നാലാം പന്ത് മിസ്സ് ആക്കിയപ്പോള്‍ അഞ്ചാം പന്തില്‍ സിംഗിളെടുത്തു. ഇതോടെ ആറാം പന്തില്‍ ന്യൂസീലന്‍ഡിന് വിജയിക്കാന്‍ ഒരൊറ്റ റണ്‍ എന്ന നിലയിലായി. എന്നാല്‍ ക്രിസീലുണ്ടായിരുന്ന ടെയ്ലറെ ബൗള്‍ഡാക്കി ഷമി മത്സരം സമനിലയിലെത്തിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. ഓപ്പണര്‍മാരായ രോഹിത്തും രാഹുലും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഒമ്ബത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 89 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് 96-ന് മൂന്ന് എന്ന നിലയിലേക്ക് വീണു.
രോഹിത് – രാഹുല്‍ സഖ്യം വെറും 54 പന്തില്‍നിന്നാണ് 89 റണ്‍സ് ചേര്‍ത്തത്. 19 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 27 റണ്‍സെടുത്ത രാഹുലാണ് ആദ്യം പുറത്തായത്. ആദ്യ രണ്ടു മത്സരങ്ങളിലെ മോശം ഫോം മറികടന്ന രോഹിത് 40 പന്തില്‍ നിന്ന് മൂന്നു സിക്സും ആറു ഫോറുമടക്കം 65 റണ്‍സെടുത്ത് പുറത്തായി. ശിവം ദുബെയാണ് (3) പുറത്തായ മറ്റൊരു താരം.
വെറും 23 പന്തില്‍ നിന്നാണ് രോഹിത് അര്‍ധസെഞ്ചുറി തികച്ചത്. ട്വന്റി 20-യില്‍ രോഹിത്തിന്റെ 20-ാം അര്‍ധസെഞ്ചുറിയും വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണിത്. ഇതിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ രോഹിത് 10,000 റണ്‍സെന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു.
27 പന്തില്‍ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിക്കും സ്കോര്‍ ഉയര്‍ത്താനായില്ല. 16 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യര്‍ക്ക് നേടാനായത് 17 റണ്‍സ് മാത്രം. ആറു പന്തില്‍ നിന്ന് 14 റണ്‍സെടുത്ത മനീഷ് പാണ്ഡെയും അഞ്ചു പന്തില്‍ നിന്ന് 10 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു. ടിം സൗത്തി എറിഞ്ഞ അവസാന ഓവറില്‍ ഇരുവരും രണ്ടു സിക്സടക്കം 18 റണ്‍സ് സ്വന്തമാക്കി.
കിവീസിനായി ഹാമിഷ് ബെന്നെറ്റ് നാല് ഓവറില്‍ 54 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. ബെന്നറ്റിന്റെ ആദ്യ രണ്ട് ഓവറില്‍ 40 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. എന്നാല്‍ പിന്നീടുള്ള രണ്ട് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത് ഇന്ത്യയെ പൂട്ടിയതും ബെന്നെറ്റ് തന്നെ.
മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. മാര്ട്ടിന് ഗപ്റ്റിലും കോളിന് മണ്‍റോയും ചേര്‍ന്ന് 47 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 21 പന്തില്‍ 31 റണ്‍സെടുത്ത ഗപ്റ്റിലിനെ പുറത്താക്കി ശര്‍ദ്ദുല്‍ ഠാക്കൂര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 14 റണ്‍സെടുത്ത് മണ്‍റോയും പിന്നാലെ ക്രീസ് വിട്ടു. ഒമ്ബത് റണ്‍സെടുത്ത സാന്റ്നര്‍ക്കും അധികം ആയിസുണ്ടായിരുന്നില്ല. ഗ്രാന്‍ഡ്ഹോം അഞ്ചു റണ്‍സെടുത്ത് പുറത്തായി.
എന്നാല്‍ ഈ വിക്കറ്റെല്ലാം നഷ്ടപ്പെടുമ്ബോഴും ഒരറ്റത്ത് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ് പിടിച്ചു നിന്നു. പക്ഷേ അവസാന ഓവറില്‍ ഷമിയുടെ പന്തില്‍ പുറത്തായ വില്ല്യംസണ് കിവീസിനെ വിജയതീരത്തെത്തിക്കാനായില്ല. എട്ടു ഫോറും ആറു സിക്സും സഹിതം 48 പന്തില്‍ 95 റണ്‍സായിരുന്നു വില്ല്യംസണ്‍ന്റെ സമ്ബാദ്യം. 10 പന്തില്‍ 17 റണ്‍സെടുത്ത ടെയ്ലര് അവസാന പന്തിലും ക്രീസ് വിട്ടു. ഇന്ത്യക്കായി ശര്‍ദ്ദുല്‍ ഠാക്കൂറും മുഹമ്മദ് ഷമിയും രണ്ടു വീതം വിക്കറ്റ് നേടി. ചാഹലും ജഡേജയും ഓരോ വിക്കറ്റ് വീതമെടുത്തു.