പ്രഭാസും ബോളിവുഡ് താരവും പ്രണയത്തിൽ, സൂചന നൽകി വരുൺ ധവാൻ
ബാഹുബലിയുടെ വമ്പൻ വിജയത്തിന് ശേഷം താരമൂല്യത്തിൽ ഏറ്റവും ഉയർന്ന് നിൽക്കുന്ന നടൻമാരിൽ ഒരാളാണ് തെലുങ്ക് സൂപ്പർതാരം പ്രഭാസ്. ബാബുബലിയ്ക്ക് ശേഷം താരത്തിന്റേതായി പുറത്തുവന്ന ബിഗ്ബജറ്റ് ചിത്രങ്ങളായിരുന്നു സാഹോയും രാധേ ശ്യാമും. ഇതിനിടെ പ്രഭാസും തെലുങ്ക് ലേഡി സൂപ്പർസ്റ്റാർ അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി ഗോസിപ്പുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പ്രഭാസും ബോളിവുഡ് യുവനായിക ക്രിതി സനനും പ്രണയത്തിലാണെന്ന തരത്തിലെ റിപ്പോർട്ടുകൾ പുറത്തുവരികയാണ്.
ബോളിവുഡ് യുവനടൻ വരുൺ ധവാൻ അടുത്തിടെ സംവിധായകൻ കരൺ ജോഹറുമായി നടത്തിയ സംഭാഷണമാണ് റിപ്പോർട്ടുകൾക്ക് പിന്നിൽ. തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ ‘ഭേഡിയ’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്രിതി സനനും വരുൺ ധവാനും ഒരു ഹിന്ദി റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെയാണ് ക്രിതിയും പ്രഭാസും പ്രണയത്തിലാണെന്ന തരത്തിലെ സൂചന വരുൺ നൽകിയത്.
പരിപാടിക്കിടെ ഒരു ലിസ്റ്റിൽ ക്രിതിയുടെ പേര് എന്തുകൊണ്ട് കാണുന്നില്ലെന്ന് കരൺ ജോഹർ ചോദിച്ചു. ക്രിതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിലായതുകൊണ്ടാണ് പേര് ഇല്ലാത്തതെന്ന് വരുൺ പറയുന്നു. ആ വ്യക്തി മുംബയിൽ ഇല്ലെന്നും ദീപിക പദുക്കോണിനോടൊപ്പം ചിത്രീകരണത്തിലാണെന്നും വരുൺ പറയുന്നു. ഇതുകേട്ട് ക്രിതി ചിരിക്കുന്ന വീഡിയോയാണ് ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ദീപിക പദുക്കോണുമൊത്തുള്ള ‘പ്രോജക്ട് കെ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് പ്രഭാസ് ഇപ്പോൾ.
2022അവസരം ലഭിക്കുകയാണെങ്കിൽ പ്രഭാസിനെ വിവാഹം ചെയ്യുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ക്രിതി പറഞ്ഞതും ഏറെ ചർച്ചയായിരുന്നു. ഓം റോട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന ചിത്രത്തിൽ പ്രഭാസും ക്രിതിയുമാണ് നായികാനായകൻമാർ. 2023 ജൂണിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.