സ്വർണാഭരണങ്ങളിലെ ചെളികളഞ്ഞ് തിളക്കമുള്ളതാക്കാം, മാല രാസലായനിയിൽ മുക്കി തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
കൊല്ലങ്കോട്: സ്വർണാഭരണങ്ങളിലെ ചെളികളഞ്ഞ് തിളക്കമുള്ളതാക്കാമെന്ന് പറഞ്ഞ് രാസലായിനിയിൽ മുക്കി സ്വർണം കവരുന്ന സംഘത്തിലെ അംഗം പിടിയിൽ. ബീഹാർ സ്വദേശി രവികുമാർഷാനെ (24) നാട്ടുകാർ പിടികൂടി കൊല്ലങ്കോട് പൊലീസിന് ഏൽപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.
പനങ്ങാട്ടിരി അമ്പലപറമ്പിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ഓട്ടുപാത്രങ്ങൾ സൗജന്യമായി തിളക്കമുള്ളതാക്കി തരാമെന്ന് പറഞ്ഞു രണ്ടു പേർ അമ്പലപാറ പരേതനായ കൊച്ചന്റെ ഭാര്യ പൊന്നുവിന്റെ വീട്ടിലെത്തുകയായിരുന്നു. പൊന്നു നൽകിയ ഓട്ടുവിളക്കുകൾ ഉടനെ തന്നെ നിറമുള്ളതാക്കി നൽകി. തുടർന്ന് പൊന്നുവിന്റെ കഴുത്തിലെ സ്വർണമാലയിൽ നിറയെ ചെളിയുണ്ടെന്നും പറഞ്ഞ് മാല ഊരി വാങ്ങുകയായിരുന്നു.
രാസലായിനിയിൽ മാലമുക്കിയ ശേഷം ഏറെ സമയം കഴിഞ്ഞ് പുറത്തെടുക്കുകയും ഒരു കടലാസിൽ പൊതിഞ്ഞ് 15 മിനിട്ടിനു ശേഷം തുറന്നുനോക്കിയാൽ മതിയെന്നും പറഞ്ഞു. വീട്ടിനകത്തുണ്ടായ പൊന്നുവിന്റെ മകൻ കൃഷ്ണദാസ് പുറത്തേക്ക് വരുമ്പേഴേയ്ക്കും ഉരുക്കിമാറ്റിയ സ്വർണവുമായി രണ്ടാമത്തെയാൾ ഓടി രക്ഷപ്പെട്ടു. സംശയം തോന്നി പൊതിതുറന്ന് നോക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഉടനെപരിസരവാസികളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. തിരിച്ചുനൽകിയ പൊതിക്കകത്ത് നാരുപോലെ കറുത്ത ഒരു അവശിഷ്ടം മാത്രമാണ് ഉണ്ടായിരുന്നതെന്നും രണ്ടു പവനിലധികം സ്വർണം നഷ്ടപ്പെട്ടെന്നും കൃഷ്ണദാസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.