ഇടിമിന്നല്‍: കോട്ടയത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നു, തറയോടുകള്‍ ചിതറി, മണ്ണിളകിമാറി
പാലാ: ഞായറാഴ്ചയുണ്ടായ കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ വലിയ നാശനഷ്ടം. ഭരണങ്ങാനം-ചൂണ്ടച്ചേരി റോഡില്‍ ചിറ്റാനപ്പാറയില്‍ ഇടിമിന്നലേറ്റു വീട് ഭാഗികമായി തകര്‍ന്നു. ചിറ്റാനപാറയില്‍ ജോസഫ് കുരുവിളയുടെ വീടാണ് ഞായറാഴ്ച വൈകീട്ട് ഇടിമിന്നലേറ്റ് തകര്‍ന്നത്. വീട്ടിലെ വയറിംഗ് സംവിധാനം കത്തി നശിക്കുകയും മുറ്റത്ത് പാകിയിരുന്ന തറയോടുകള്‍ പൊട്ടിച്ചിതറുകയും ചെയ്തു. രണ്ടാം നിലയിലെ ഓടുകള്‍ക്കും വീടിന്റെ മതിലിനും കേടുപാട് പറ്റി. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനും തകരാര്‍ സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു.
കോട്ടയം മീനടത്തും ഇടിമിന്നലില്‍ വീടുകള്‍ക്ക് കേടുപാട് പറ്റി. മീനടം മറ്റപ്പള്ളില്‍ സിജുവിന്റെ വീടിനും സമീപത്തെ ജോയി, കൊച്ചുമോന് എന്നിവരുടെ വീടിനും നാശം സംഭവിച്ചു. ഭിത്തി പലഭാഗങ്ങളില്‍ അടര്‍ന്നുവീണു. വയറിങ്ങും ഇലക്ട്രിക് ഉപകരണങ്ങളും തകരാറിലായി. അലമാരയുടെയും ജനലിന്റെയും ചില്ലുകള്‍ പൊട്ടിവീണു. പ്രവേശനകവാടത്തിലെ തൂണിനും മിന്നലേറ്റു. പറമ്പാകെ കിളച്ചുമറിച്ചപോലെ മണ്ണിളകിമാറി. ഞായറാഴ്ച വൈകീട്ട് 5.45-ഓടെയാണ് സംഭവം. ജോയിയുടെയും കൊച്ചുമോന്റെയും വീടിന്റെ വയറിങ്ങും മീറ്ററും കത്തിനശിച്ചു. മീനടം കുരിക്കക്കുന്നേല് പള്ളിക്കുസമീപം കെ.എസ്.ഇ.ബി. ടവറിലെ ലൈനുകള്‍ പൊട്ടി.