ഖത്തർ ലോകകപ്പിൽ മോറോക്കോയോട് തോറ്റതിന് പിന്നാലെ ബെൽജിയൻ നഗരങ്ങളിൽ കലാപം, വാഹനങ്ങൾക്ക് തീയിട്ടു
ബ്രസൽസ്: ഫിഫ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരും യൂറോപ്യൻ കരുത്തരുമായ ബെൽജിയത്തെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് 22-ാം റാങ്കുകാരായ മോറോക്കോ അട്ടിമറിച്ചതിന് പിന്നാലെ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ വൻ കലാപം. സംഘർഷത്തിൽ അനേകം ഇലക്ട്രിക് സ്കൂട്ടറുകൾക്കും ഒരു കാറിനും അക്രമികൾ തീയിട്ടു. സംഭവത്തിന് പിന്നാലെ ബെൽജിയൻ പൊലീസ് ഒരു ഡസനോളം പേരെ കസ്റ്റഡിയിലെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്നലെയായിരുന്നു അക്രമം നടന്നത്.
മത്സരത്തിന് പിന്നാലെ മോറോക്കൻ പതാകയുമായെത്തിയ ചില ഫുട്ബോൾ ആരാധർ ബ്രസൽസിന്റെ പല ഭാഗങ്ങളിലായി അക്രമം അഴിച്ചുവിടുകയും പൊലീസുമായി ഏറ്റുമുട്ടുകയുമായിരുന്നു. കല്ലും വടിയും മറ്റ് വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം. തീവയ്പ്പിൽ ഒരു മാദ്ധ്യമപ്രവർത്തകന് മുഖത്ത് പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഭവത്തെത്തുടർന്ന് നഗരത്തിന്റെ കേന്ദ്രപ്രദേശങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ ബ്രസൽ മേയർ ഫിലിപ്പ് ക്ളോസ് ഫുട്ബോൾ ആരാധകരോട് ആവശ്യപ്പെട്ടു. തെരുവുകളിൽ ക്രമസമാധാനം നിലനിർത്തുന്നതിനായി അധികാരികൾ വേണ്ട നടപടികൾ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. അക്രമസംഭവങ്ങളിൽ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടിരുന്നു.
മോറോക്കയുടെ അട്ടിമറി വിജയം ബെൽജിയൻ ജനങ്ങൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. പല ബെൽജിയൻ നഗരങ്ങളിലും മൊറോക്കൻ കുടിയേറ്റ വേരുകളുള്ള ആരാധകർ വിജയം ആഘോഷിച്ചത് സംഘർഷം കൂടുതൽ വഷളാക്കുകയും ചെയ്തു.