ഹരിപ്പാട് സഹോദരന്റെ വീട്ടിലെത്തിയ സ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ
ഹരിപ്പാട്; ബന്ധുവീട്ടിലെത്തിയ സ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാടാണ് സംഭവം. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീര (58)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇവർ സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പട്ടരുമടത്തിൽ അനുമോന്റെ വീട്ടിൽ എത്തിയത്. മീര എത്തിയ സമയം വീട്ടുകാരാരും സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് ഇവർ എത്തിയപ്പോൾ മീരയെ വീട്ടിൽ കണ്ടില്ല. തുടർന്ന് ഏറെ നേരം നടത്തിയ തെരച്ചിലിന് ശേഷം അഞ്ചരയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.