സമരക്കാരുടെ ആറിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്; വിഴിഞ്ഞത്തേത് കലാപനീക്കമെന്ന് സി പി എം
തിരുവനന്തപുരം: വിഴിഞ്ഞത്തേത് കലാപനീക്കമെന്ന് സി പി എം. ഇന്നലത്തെ സംഭവങ്ങൾ വരുത്തിവച്ചത് സമരസമിതിയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. സമരക്കാരുടെ ആറിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
അതേസമയം, വിഴിഞ്ഞത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തീരദേശത്തും, പൊലീസ് സ്റ്റേഷൻ പരിസരത്തും ഹാർബറിലെല്ലാം വൻ പൊലീസ് സന്നാഹമുണ്ട്. മറ്റ് ജില്ലകളിൽ നിന്നും പൊലീസിനെ എത്തിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് പൊലീസ് സ്റ്റേഷൻ അക്രമമുണ്ടായത്. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധസമര സമിതി ശനിയാഴ്ച നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ സമരക്കാർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. 35 പൊലീസുകാർക്ക് പരിക്കേറ്റു. സംഘർഷത്തിൽ എട്ട് സമരക്കാർക്കും പരിക്കേറ്റിരുന്നു.