വിഴിഞ്ഞത്ത് നടന്നത് ആസൂത്രിത തിരക്കഥ, പ്രകോപനം ഉണ്ടാക്കിയത് പൊലീസ്; സമരം പൊളിക്കാൻ സർക്കാർ നടത്തിയ നീക്കമെന്ന് ഫാദർ യൂജിൻ പെരേര
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ പൊലീസിനെ പഴിചാരി ലത്തീൻ രൂപത. പ്രകോപനം ഉണ്ടാക്കിയത് പൊലീസാണെന്നാണ് സഭയുടെ വാദം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സമരസമിതി കൺവീനർ ഫാ. യൂജിൻ പെരേര ആവശ്യപ്പെട്ടു.വിഴിഞ്ഞത്ത് നടന്നത് ആസൂത്രിത തിരക്കഥയാണെന്നും സമരം പൊളിക്കാൻ സർക്കാർ നടത്തിയ നീക്കമാണിതെന്നും യൂജിൻ പെരേര മാദ്ധ്യമങ്ങളോട് പറഞ്ഞു. “സമാധാനപരമായി സമരം ചെയ്തവരെ ചിലർ പ്രകോപിപ്പിച്ചു. പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സെൽറ്റന് സംഘർഷവുമായി ബന്ധമില്ല. സമരത്തിനെതിരായ ഇടത് – ബി ജെ പി കൂട്ടുകെട്ടിൽ സംശയമുണ്ട്.”- അദ്ദേഹം പറഞ്ഞു.അതേസമയം, വിഴിഞ്ഞം സമരക്കാർ പ്രവർത്തിക്കുന്നത് തീവ്രവാദികളെപ്പോലെയാണെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. സമരസമിതി ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ സർക്കാർ അനുവദിച്ചതാണെന്നും കലാപശ്രമത്തിനുള്ള തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.