വിവാഹാഭ്യർത്ഥന നിരസിച്ചതിന് 17കാരിയെ കൊന്ന് കഷണങ്ങളാക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
കാൺപൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിന് 17കാരിയെ കൊന്ന് കഷണങ്ങളാക്കുമെന്ന് ഭീഷണി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ പ്രതി മുഹമ്മദ് ഫായിസിനെ പൊലീസ് അറസ്റ്റ് ചെയ്തു.സ്കൂളിലേയ്ക്ക് പോകും വഴി പെൺകുട്ടിയെ ഫായിസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. കുട്ടിയുടെ വീട്ടുകാർ ഇയാളെ ഉപദേശിച്ചെങ്കിലും ശല്യപ്പെടുത്തൽ തുടർന്നു. വിവാഹം കഴിക്കണം എന്ന ആവശ്യം പെൺകുട്ടി നിരസിച്ചതോടെ രേഷാകുലനായ പ്രതി കുട്ടിയെ കൊന്ന് കഷണങ്ങളാക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഫായിസിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ നൗബസ്ത പൊലീസ് ചമൻ ഗഞ്ചിലെ വസതിയിലെത്തി ഫായിസിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. ഫായിസിനെ ഇപ്പോൾ ജയിലിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.