ഇനി തലസ്ഥാനവാസികൾക്ക് ഗംഭീര ദൃശ്യ വിരുന്ന്; കേരളത്തിലെ ആദ്യ ഐമാക്സ് തീയേറ്റർ ലുലു മാളിൽ വരുന്നു
തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഐമാക്സ് തീയേറ്റർ വൈകാതെ തലസ്ഥാന നഗരിയ്ക്ക് സ്വന്തമാകും. കഴക്കൂട്ടത്തെ ലുലുമാളിൽ 12 സ്ക്രീനുളള സൂപ്പർപ്ളക്സ് വൈകാതെ ആരംഭിക്കുമെന്ന് പിവിആർ സിനിമാസ് അറിയിച്ചു. മികച്ച വലിപ്പത്തിൽ ക്വാളിറ്റി നഷ്ടപ്പെടാതെ മികച്ച ചലച്ചിത്ര അനുഭവം നൽകുന്ന സംവിധാനമാണിത്. ഐമാക്സ്, 4ഡിഎക്സ് സംവിധാനത്തോടൊപ്പം എക്സിക്യൂട്ടീവ് ചലച്ചിത്രാനുഭവം ആഗ്രഹിക്കുന്നവർക്കായി LUXEഉം സൂപ്പർപ്ളക്സിൽ ഉണ്ടാകുമെന്ന് പിവിആർ സിനിമാസ് അറിയിക്കുന്നു.ഐമാക്സ് തീയേറ്റർ സംവിധാനം ഡിസംബർ അഞ്ചിന് പ്രവർത്തനം ആരംഭിക്കുമെന്ന് പിവിആർ സിനിമാസ് അറിയിച്ചു. ചെയർമാനും എംഡിയുമായ അജയ് ബിജ്ലി, ജോയിന്റ് എം.ഡി സഞ്ജീവ് കുമാർ ബിജ്ലി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ സൂപ്പർപ്ളക്സ് ഉദ്ഘാടനം നടന്നു. പിവിആർ സിനിമാസിന്റെ രാജ്യത്തെ നാലാമത് സൂപ്പർപ്ളെക്സ് ഫോർമാറ്റിലെ തീയേറ്ററാകും ലുലുവിലേത്. നിലവിൽ ഡൽഹി, ബംഗളൂരു, നോയിഡ എന്നിവിടങ്ങളിലാണ് ഐമാക്സ് സംവിധാനമുളളത്.