കോതിയിലെ മാലിന്യ പ്ളാന്റ് പ്രശ്നം; കോർപറേഷനെതിരെ ശക്തമായ പ്രതിഷേധം, പ്രദേശത്ത് ഹർത്താൽ ആരംഭിച്ചു
കോഴിക്കോട്: നഗരസഭ പരിധിയിലെ കോതിയിൽ ശുചിമുറി മാലിന്യപ്ളാന്റ് സ്ഥാപിക്കുന്നതിനുളള തീരുമാനവുമായി കോർപറേഷൻ മുന്നോട്ടുപോകുന്നതിനെതിരെ സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. കോതിയിൽ പദ്ധതി പ്രദേശത്ത് ചുറ്റുമതിൽ നിർമ്മിക്കാൻ നടപടികൾ കോർപറേഷൻ ആരംഭിച്ചതോടെ സമരസമിതി ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് 42ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് 57,58,59 ഡിവിഷനുകളിൽ കുറ്റിച്ചിറ, കുണ്ടുങ്ങൽ, ഇടിയങ്ങര, പളളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നീ ഭാഗങ്ങളിൽ പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തത്.കഴിഞ്ഞ രണ്ട് ദിവസമായി പദ്ധതിയ്ക്കെതിരെ ഇവിടെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നാണ് കോർപറേഷന്റെ നിലപാട്. അതേസമയം ഇന്നത്തെ കൗൺസിൽ യോഗത്തിൽ വിഷയം പ്രതിപക്ഷം ഉന്നയിക്കുമെന്നാണ് സൂചന.