വാടകമുറിയിൽ അനധികൃതമായി ഗർഭഛിദ്രം നടത്തിയതായി പരാതി, രണ്ട് പ്രവാസി സ്ത്രീകൾ സൗദിയിൽ പിടിയിൽ
റിയാദ്: മുറി വാടകയ്ക്കെടുത്ത് നിയമവിരുദ്ധമായി ഗർഭഛിദ്രം നടത്തിയ രണ്ട് പ്രവാസി സ്ത്രീകളെ സൗദിയിൽ അറസ്റ്റ് ചെയ്തു. ഗർഭഛിദ്ര കേന്ദ്രത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ച് നടത്തിയ പരിശോധനയിലായിരുന്നു ദക്ഷിണ റിയാദിലെ അപ്പാർട്ട്മെന്റിൽ നിന്നും ഇവരെ പിടികൂടിയത്.രണ്ട് പ്രവാസി സ്ത്രീകൾ രഹസ്യമായി ഗർഭഛിദ്രം നടത്തി വരുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് റിയാദ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്‍സ് ഫോര്‍ കംപ്ലയന്‍സ് വിഭാഗം നടത്തിയ പരിശോധനയിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഇവർ പ്രവർത്തിച്ച് വന്നത് എന്ന് കണ്ടെത്തി. ഗർഭഛിദ്രം നടത്തുന്നതിന് ആവശ്യമായ ്പ്രാഥമിക മെഡിക്കൽ ഉപകരണങ്ങളോ സംവിധാനങ്ങളോ ഇല്ലാതെ അപകടകരമായ രീതിയിലായിരുന്നു ഇവർ പ്രവർത്തിച്ച് വന്നത്. റെയ്ഡിൽ കാലഹരണപ്പെട്ട മെഡിക്കൽ ഉപകരണങ്ങളും പണവുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ സ്ത്രീകളുടെ രാജ്യം അടക്കമുള്ള വിശദ വിവരങ്ങൾ പുറത്ത് വിട്ടില്ല. നിലവിൽ പബ്ളിക്ക് പ്രോസിക്യൂഷന് കൈമാറിയ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇവർക്ക് ആറ് മാസം വരെ തടവും പിഴയും നേരിടേണ്ടി വരുമെന്നാണ് വിവരം.