സഹപ്രവര്‍ത്തകയുമായി അടുപ്പം; ഭാര്യയെ മരുന്ന് കുത്തിവെച്ച് കൊന്നു, നഴ്സായ യുവാവ് അറസ്റ്റില്‍
അഞ്ചുമാസം മുമ്പാണ് സ്വപ്നിലും പ്രിയങ്കയും വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആശുപത്രിയിലെ നഴ്സായ യുവതിയുമായും ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു.
മുംബൈ: മരുന്ന് കുത്തിവെച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ നഴ്സായ യുവാവ് അറസ്റ്റില്‍. പൂണെയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സ്വപ്നില്‍ സാവന്തി(23)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍നിന്ന് മോഷ്ടിച്ച മരുന്നാണ് ഇയാള്‍ ഭാര്യയ്ക്ക് കുത്തിവെച്ചതെന്നും സംഭവം ആത്മഹത്യയാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
നവംബര്‍ 14-ാം തീയതിയാണ് ഗുരുതരാവസ്ഥയിലായ ഭാര്യ പ്രിയങ്കയെ സ്വപ്നില്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണംസംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഭാര്യ ജീവനൊടുക്കിയതാണെന്നായിരുന്നു സ്വപ്നിലിന്റെ മൊഴി. പ്രിയങ്കയുടെ ഒപ്പ് സഹിതമുള്ള ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. എന്നാല്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
ജോലിചെയ്യുന്ന ആശുപത്രിയില്‍നിന്ന് സ്വപ്നില്‍ ചില മരുന്നുകള്‍ മോഷ്ടിച്ചിരുന്നതായാണ് പോലീസിന് വിവരം ലഭിച്ചത്. ഇതിനുപിന്നാലെ പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റംസമ്മതിച്ചത്.
അഞ്ചുമാസം മുമ്പാണ് സ്വപ്നിലും പ്രിയങ്കയും വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആശുപത്രിയിലെ നഴ്സായ യുവതിയുമായും ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു. സഹപ്രവര്‍ത്തകയെ വിവാഹം കഴിക്കാനും ആഗ്രഹിച്ചു. തുടര്‍ന്ന് ഭാര്യയെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം.